ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവത്തില്‍ പഴുതടച്ച അന്വേഷണം വേണം: കെ സുധാകരന്‍ എംപി

Jaihind Webdesk
Tuesday, June 21, 2022

 

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് വൃക്ക രോഗി മരിച്ച സംഭവത്തില്‍ പഴുതടച്ച അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്‍റെ കവാടത്തിലെത്തിച്ച വ്യക്ക ഏറ്റുവാങ്ങാന്‍ വൈകിയെന്നത് ഗുരുതര ആരോപണമാണ്. ഒരു മനുഷ്യജീവന്‍ രക്ഷിക്കുന്നതില്‍ കാണിച്ച അലംഭാവം ഒരിക്കലും പൊറുക്കാന്‍ കഴിയുന്നതല്ല. കുറ്റം ആരുടെ ഭാഗത്തുനിന്നാണെങ്കിലും മാതൃകാപരമായ ശിക്ഷ അനിവാര്യമാണ്. ഏകോപനത്തിലെ പിഴവാണ് ഒരു മനുഷ്യ ജീവന്‍ നഷ്ടമാകാന്‍ കാരണം. അതിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാരിന് മാറിനില്‍ക്കാനാവില്ലെന്നും ആരോഗ്യവകുപ്പും ഈ സംഭവത്തില്‍ പ്രതിസ്ഥാനത്താണെന്നും കെ സുധാകരന്‍ എംപി ചൂണ്ടിക്കാട്ടി.

ശസ്ത്രക്രിയ സംബന്ധിച്ച വിവരം അറിവുണ്ടായിട്ടും എന്തുകൊണ്ട് ഇത്തരമൊരു പിഴവ് ഉണ്ടായി എന്നത് അന്വേഷിക്കണം. സാങ്കേതികത്വം ചൂണ്ടിക്കാട്ടി കുറ്റക്കാരെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാകും. ആരോഗ്യ രംഗത്ത് ദേശീയപ്രശംസ നേടിയിട്ടുള്ള കേരളത്തെ നാണം കെടുത്തുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അകാലത്തില്‍ ജീവന്‍ നഷ്ടമായ സുരേഷ് കുമാറിന്‍റെ കുടുംബത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു.