മന്ത്രിയുടെ രാജിക്കായി സമ്മർദ്ദം ശക്തമാക്കും; സംസ്ഥാന വ്യാപകമായി ഭരണഘടനാ പ്രതിജ്ഞ പുതുക്കാന്‍ കോണ്‍ഗ്രസ്; സിപിഎമ്മില്‍ തെറ്റും ശരിയും തീരുമാനിക്കുന്നത് ഒരു വ്യക്തിയെന്ന് കെ സുധാകരന്‍ എംപി

Jaihind Webdesk
Wednesday, July 6, 2022

തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാന്‍റെ രാജിക്കായി സമ്മർദ്ദം ശക്തമാക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എം.പി. സജി ചെറിയാനേക്കാള്‍ വലിയ കുറ്റം ചെയ്തയാൾ രാജി വെക്കാത്ത ഒരു പാർട്ടിയില്‍ അവർക്ക് എന്ത് തീരുമാനവും എടുക്കാം. മന്ത്രി നടത്തിയത് ഭരണഘടനാ ലംഘനമാണെന്നതില്‍ സിപിഎമ്മിനൊഴികെ ആര്‍ക്കും സംശയമില്ല. യുഡിഎഫ് നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

“സജി ചെറിയാനേക്കാള്‍ വലിയ കുറ്റം ചെയ്തയാൾ ഇതുവരെ രാജി വെക്കാന്‍ ആലോചിക്കാത്ത ഒരു പാർട്ടിയാണ്. ആ മുന്നണിക്കകത്ത് ശരിയും തെറ്റും തീരുമാനിക്കുന്നത് ഒരു വ്യക്തിയാണ്.  ആ വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചാണ് തീരുമാനങ്ങള്‍ നടക്കുന്നത്. അത് ഭരണഘടനാപരമോ സംഘടനാ ചിട്ടവട്ടങ്ങള്‍ക്കോ അനുസരിച്ച് ആവണമെന്നില്ല.  അവർ തീരുമാനിച്ചോട്ടെ. പക്ഷേ രാജിവെക്കാനുള്ള സമ്മർദ്ദം കോണ്‍ഗ്രസിന്‍റെ ഭാഗത്തുനിന്ന് മാത്രമല്ല, എല്ലായിടങ്ങളില്‍ നിന്നുമുണ്ടാകും. ഇടതുപക്ഷത്തോട് ഒട്ടിനില്‍ക്കുന്നവര്‍ക്ക് പോലും ഇക്കാര്യത്തില്‍ അഭിപ്രായമുണ്ട്. സജി ചെറിയാന്‍ നടത്തിയത് ഭരണഘടനാ ലംഘനം തന്നെയാണ്. ബാലകൃഷ്ണപിള്ള പിള്ളയെ രാജി വെപ്പിക്കാന്‍ പ്രക്ഷോഭം നടത്തിയവര്‍ ഇവിടെയെത്തുമ്പോള്‍ എങ്ങിനെയാണ് മാറിപ്പോകുന്നത്? ജനാധിപത്യത്തില്‍ വിശ്വാസമില്ലാത്ത പാർട്ടിയാണ് സിപിഎം. ഭരണഘടനയോട് മാത്രമല്ല, രാഷ്ട്രീയ പാരമ്പര്യത്തോടും അവർക്ക് പുച്ഛമാണ്. അത് കാലാകാലങ്ങളില്‍ പിണറായിയും സിപിഎമ്മിലെ മറ്റ് നേതാക്കളും പ്രകടിപ്പിച്ചിട്ടുണ്ട്. അതിലൊന്നായിട്ടാണ് ഇതിനെയും ഞങ്ങള്‍ കാണുന്നത്. സിപിഎമ്മിനൊഴികെ എല്ലാവര്‍ക്കും ഇക്കാര്യത്തില്‍ പരാതിയുണ്ട്. അത് കണ്ടില്ലെന്ന് നടിച്ചുപോകാന്‍ സജി ചെറിയാനെ അനുവദിക്കില്ല. നടപടി വേണം, ഇല്ലെങ്കില്‍ പ്രതിപക്ഷം സമരമുഖത്തേക്ക് പോകും. നിയമവഴി സ്വീകരിക്കും” – കെ സുധാകരന്‍ എംപി പറഞ്ഞു.

ഭരണഘടനയെ സംരക്ഷിക്കാനുള്ള പ്രതിജ്ഞ പുതുക്കാൻ കോൺഗ്രസ് ബാധ്യസ്ഥമാണ്. എട്ടാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതൽ മുഴുവൻ മണ്ഡലങ്ങളിലും പഞ്ചായത്തുകളിലും ഭരണഘടനാ പ്രതിജ്ഞ പുതുക്കാൻ കെപിസിസി ആഹ്വാനം ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗ്രാമം തോറും ഇക്കാര്യം നിര്‍വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സജി ചെറിയാന്‍ രാജി വെക്കില്ലെന്നതില്‍ പ്രതികരിക്കുകയായിരുന്നു കെപിസിസി പ്രസിഡന്‍റ്.