‘കനക സിംഹാസനത്തിൽ ഇരിക്കുന്നവൻ കനകനോ ശുംഭനോ ശുനകനോ…’ ; വിജയരാഘവനെ പരിഹസിച്ച് കെ സുധാകരന്‍ എം.പി

Jaihind News Bureau
Friday, January 29, 2021

 

കണ്ണൂർ : സി.പി.എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവനെ പരിഹസിച്ച്  കെ സുധാകരൻ എം.പി. എ വിജയരാഘവൻ ഇരിക്കുന്ന സ്ഥാനത്തെ അപമാനിക്കാൻ താൽപര്യമില്ല. കനക സിംഹാസനത്തിൽ ഇരിക്കുന്നവൻ കനകനോ ശുംഭനോ ശുനകനോ എന്ന ചോദ്യത്തിന് വിജയരാഘവന്‍റെ കാര്യത്തില്‍ പ്രസക്തിയുണ്ട്. ഘടകകക്ഷി നേതാക്കളുടെ വീടുകളിൽ കോൺഗ്രസ് നേതാക്കൾ സന്ദർശിക്കുന്നതിൽ തെറ്റില്ലെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

ഘടകകക്ഷി നേതാവിന്‍റെ വീട്ടിൽ പോകുന്നതിൽ എന്ത് തെറ്റാണുള്ളത്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും പോകുന്ന ഒരു ഭവനമാണ് പാണക്കാട് തങ്ങളുടെ ഭവനം. സി.പി.എമ്മിന്‍റെ നേതാക്കളും അവിടെ പോകാറുണ്ട്. കേരളത്തിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്ത് അതുല്യമായ സേവനം നടത്തി ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന് നേതൃത്വം കൊടുക്കുന്ന ശിഹാബ് തങ്ങളെ കാണാൻ പോയതിനെ വർഗീയതയെ പേരിൽ പ്രചരിപ്പിക്കുന്ന ഒരു പാർട്ടി സെക്രട്ടറിയുടെ കാര്യത്തിൽ പാർട്ടിക്കെങ്കിലും നാണമുണ്ടാകണം എന്ന് കെ സുധാകരന്‍ പറഞ്ഞു. മതപരമായ സൗഹാർദം കാത്തുസൂക്ഷിക്കുന്നതിൽ മുസ്‌ലിം ലീഗ് വഹിക്കുന്ന പങ്ക് മറക്കുന്നവർ, നാടിനോടും നാട്ടാരോടും ചെയ്യുന്നത് വഞ്ചനായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.