സർക്കാർ വീഴ്ചകള്‍ തുറന്നുകാട്ടുന്ന യുവനിരയ്ക്കെതിരെ സിപിഎം വ്യക്തിഹത്യ ; ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന് കെ.സുധാകരന്‍ എം.പി

Jaihind Webdesk
Thursday, September 9, 2021

തിരുവനന്തപുരം : കൊവിഡ്, നിപ പ്രതിരോധങ്ങളിലെ സർക്കാർ നിസംഗതയെ ചോദ്യം ചെയ്യുന്നവരെ നെറികെട്ട രീതിയിൽ ആക്രമിച്ച് നിശബ്ദരാക്കാം എന്ന് പിണറായി വിജയൻ വിചാരിക്കേണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി.  ലോക്ക്ഡൗണിലെ അശാസ്ത്രീയത വിളിച്ചു പറഞ്ഞ ഡോ. എസ് എസ് ലാലും നിപയിലെ വീഴ്ചകൾ എടുത്തു പറഞ്ഞ രാഹുൽ മാങ്കൂട്ടത്തിലും സാമൂഹികമാധ്യമങ്ങളിൽ ആക്രമിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ദൃശ്യമാധ്യങ്ങളിൽ കോൺഗ്രസിന്‍റെ നിലപാടുകൾ കൃത്യമായി പറയുകയും സിപിഎമ്മിൻ്റെയും, പിണറായി വിജയൻ്റെ ഇഷ്ടക്കാരായ ആർഎസ്എസിൻ്റെയും പൊള്ളത്തരങ്ങൾ വ്യക്തമായി തുറന്നുകാണിക്കുകയും ചെയ്യുന്ന പാർട്ടിയുടെ യുവനിരയെ സൈബർ ഗുണ്ടകളെ ഇറക്കി വ്യക്തിഹത്യ ചെയ്ത് ഇല്ലാതാക്കികളയാമെന്ന് സിപിഎം വിചാരിക്കുന്നുണ്ടെങ്കിൽ, അതേ നാണയത്തിൽ തിരിച്ചടിക്കാൻ  നിർബന്ധിതരാകുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. സിപിഎമ്മിനോളം തരം താഴാൻ കോൺഗ്രസ്‌ അണികൾക്കും നേതാക്കൾക്കും പറ്റില്ലെങ്കിലും ശക്തമായ പ്രതിരോധം ഒറ്റക്കെട്ടായി തീർക്കുവാൻ തന്നെയാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നതെന്നും കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

മറ്റുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് അസൂയ തോന്നിപ്പിക്കത്തക്കവിധം കരുത്തുറ്റതാണ് കോൺഗ്രസിൻ്റെ യുവനിര. അവരുടെ ഉറച്ച നിലപാടുകളും വസ്തുതാപരമായ വിലയിരുത്തലുകളും സി.പി.എമ്മിനെ പോലുള്ള സകല ഫാസിസ്റ്റ് പ്രസ്ഥാനങ്ങളുടെയും ഉറക്കം കെടുത്തുന്നുണ്ട്. കോവിഡ് – നിപ്പ പ്രതിരോധങ്ങളിൽ പിണറായി സർക്കാർ കാണിച്ച ക്രൂരമായ നിസ്സംഗതയെ ചോദ്യം ചെയ്യുന്നവരെ പാർട്ടി ഗുണ്ടകളെ ഉപയോഗപ്പെടുത്തി നെറികെട്ട രീതിയിൽ ആക്രമിച്ചു നിശബ്ദരാക്കാം എന്ന് പിണറായി വിജയൻ വിചാരിക്കേണ്ട. കൊടി സുനി അടക്കമുള്ള ഒക്കചങ്ങാതിമാർ ജയിലിലായതിനാലും, പുറത്തുള്ള സിപിഎം ക്രിമിനലുകൾക്ക് ആക്രമണം നടത്താൻ കോവിഡ് തടസമായതിനാലുമാകാം എതിരാളികളെ ആക്രമിക്കാൻ പുതിയ രീതികൾ സിപിഎം കണ്ടെത്തുന്നത്.
ലോകം നേരിടുന്ന ഈ മഹാ ദുരിതകാലത്ത് രാഷ്ട്രീയം മാറ്റി വെച്ച് സർക്കാരിനൊപ്പം പ്രതിരോധപ്രവർത്തനങ്ങളിൽ സഹകരിച്ചവരാണ് കേരളത്തിലെ പ്രതിപക്ഷം. എന്നാൽ ആ അവസരം മുതലെടുത്ത് കേരളത്തെ കട്ട് മുടിക്കുകയാണ് പിണറായിയും സംഘവും ചെയ്തത്. കേരളത്തിൻ്റെ കോവിഡ് പ്രതിരോധ വീഴ്ചകൾ കോടികൾ മുടക്കി നടത്തിയ പി.ആർ വർക്കിനാൽ മറച്ചു വെയ്ക്കുകയായിരുന്നു എന്ന സത്യം ഇപ്പോൾ ജനത്തിന് മനസ്സിലായിരിക്കുന്നു. ലോക് ഡൗണിലെ അശാസ്ത്രീയത വിളിച്ചു പറഞ്ഞ ഡോ. എസ് എസ് ലാലും നിപ്പയിലെ വീഴ്ചകൾ എടുത്തു പറഞ്ഞ രാഹുൽ മാങ്കൂട്ടത്തിലും സാമൂഹിക മാധ്യമങ്ങളിൽ ആക്രമിക്കപ്പെട്ടുകൊണ്ടേയിരിക്കുകയാണ്.
എതിരഭിപ്രായമുള്ളവരെ മുഴുവൻ ഇല്ലായ്മ ചെയ്യുക എന്നത് കേരളത്തിലെ സിപിഎം എക്കാലത്തും അനുവർത്തിച്ചു പോന്നിട്ടുള്ള ശൈലിയാണ്. രാഷ്ട്രീയ ജീവിതത്തിൽ മുഴുവനും ആ ശൈലി പിന്തുടർന്ന് പോന്ന ആളെയാണ് ഇന്നവർ മുഖ്യമന്ത്രി ആക്കിയിരിക്കുന്നത്. രാഷ്ട്രീയ ജീർണതയുടെ പര്യായമായ വിജയരാഘവനെ സംസ്ഥാന സെക്രട്ടറി പദത്തിൽ പ്രതിഷ്ഠിച്ച സിപിഎമ്മിൽ നിന്നും മാന്യമായ ഇടപെടലുകൾ രാഷ്ട്രീയ കേരളം പ്രതീക്ഷിക്കുന്നില്ല. പക്ഷെ, പേരിനെങ്കിലും നിങ്ങളൊരു രാഷ്ട്രീയ പ്രസ്ഥാനം ആണെന്ന് അണികളെ പറഞ്ഞു പഠിപ്പിക്കാൻ വിജയരാഘവൻ തയ്യാറാകണം.
ദൃശ്യമാധ്യങ്ങളിൽ കോൺഗ്രസ്സിന്റെ നിലപാടുകൾ കൃത്യമായി പറയുകയും സി.പിഎമ്മിൻ്റെയും, പിണറായി വിജയൻ്റെ ഇഷ്ടക്കാരായ RSS ൻ്റെയും പൊള്ളത്തരങ്ങൾ വ്യക്തമായി തുറന്ന് കാണിക്കുകയും ചെയ്യുന്ന കോൺഗ്രസ്സിന്റെ യുവനിരയെ സൈബർ ഗുണ്ടകളെ ഇറക്കി വ്യക്തിഹത്യ ചെയ്ത് ഇല്ലാതാക്കികളയാമെന്ന് സിപിഎം വിചാരിക്കുന്നുണ്ടെങ്കിൽ, അതേ നാണയത്തിൽ തിരിച്ചടിക്കാൻ ഞങ്ങളും നിർബന്ധിതരാകും. സിപിഎമ്മിനോളം തരം താഴാൻ കോൺഗ്രസ്‌ അണികൾക്കും നേതാക്കൾക്കും പറ്റില്ലെങ്കിലും, ശക്തമായ പ്രതിരോധം ഒറ്റക്കെട്ടായി തീർക്കുവാൻ തന്നെയാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്.
കോൺഗ്രസിന്റെ കുട്ടികളോട് ഒരു കാര്യം കൂടി പറഞ്ഞവസാനിപ്പിക്കട്ടെ…
ഫാസിസ്റ്റുകളോടുള്ള നിങ്ങളുടെ പോരാട്ടങ്ങൾക്ക് എല്ലാവിധ സംരക്ഷണവും നൽകാൻ ഏതറ്റംവരെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കൂടെയുണ്ടാകും!

 

https://www.facebook.com/ksudhakaraninc/photos/a.560739660674964/4347866355295590