അജീഷിന്‍റെ ജീവിനെടുത്ത ആന കയ്യെത്തും ദൂരത്തുണ്ടായിട്ടും പിടികൂടാൻ കഴിഞ്ഞില്ല; വനം വകുപ്പ് തീർത്തും പരാജയമെന്ന് കെ സുധാകരൻ

Jaihind Webdesk
Tuesday, February 13, 2024

വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. അജീഷിന്‍റെ ജീവിനെടുത്ത ആന കയ്യെത്തും ദൂരത്തുണ്ടായിട്ടും പിടികൂടാൻ കഴിയാത്ത വനം വകുപ്പ് തീർത്തും പരാജയമാണെന്ന് കെപിസിസി പ്രസിഡന്‍റ് . ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്‍റെ വീട് സന്ദർശിച്ച അദ്ദേഹം ബന്ധുക്കളെ ആശ്വസിപ്പിച്ചു .

അജീഷിനെ കൊലപ്പെടുത്തുന്നത്തിന് മൂന്നുദിവസം മുൻപ് ആന മേഖലയിൽ ഉണ്ടെന്ന് വനംവകുപ്പിന് അറിയാമായിരുന്നു. അധികൃതർ കാണിച്ച അലംഭാവമാണ് അജീഷിന്‍റെ ജീവന്‍ പൊലിയാൻ കാരണമായത്. ഉദ്യോഗസ്ഥരുടെ അലസത കാരണം ജീവൻ പൊലിഞ്ഞ കുടുംബത്തിനോട് സർക്കാർ കാണിക്കുന്നത് തീർത്തും അവഗണനയാണ്. കെപിസിസി ധനസഹായം ഉടൻ കുടുംബത്തിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട്ടിലെ അജീഷിന്‍റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാരും വനമന്ത്രിയും ഈ വിഷയത്തെ നിസ്സാരമായി കണ്ടതിൽ കടുത്ത പ്രതിഷേധമുണ്ട്. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്‍റെ കുടുംബത്തിന് നൽകിയ 10 ലക്ഷം ധനസഹായം വർദ്ധിപ്പിക്കണമെന്നും, അജീഷിന്‍റെ കുടുംബത്തിന്‍റെ ആവശ്യങ്ങൾ തീർപ്പാക്കുന്നതിന് സർക്കാരിന് ബാധ്യതയുണ്ടെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.