വനംമന്ത്രി രാജി വെക്കണം; നഷ്ടപരിഹാരം 10 ലക്ഷം ഉലുവ, സര്‍ക്കാരിന് മനുഷ്യത്വവും മര്യാദയും ഇല്ലേയെന്ന് കെ സുധാകരന്‍

Jaihind Webdesk
Wednesday, February 14, 2024

കണ്ണൂര്‍: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. വനംമന്ത്രി രാജി വെയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായ വന്യജീവി ആക്രമണത്തിലും നമ്മുടെ ഉദ്യോഗസ്ഥര്‍ക്ക് ഉറക്കം തെളിയാറില്ല. അജീഷിനെ കൊലപ്പെടുത്തിയ ആന നാട്ടിലിറങ്ങിയെന്ന് രണ്ട് ദിവസം മുന്നേ ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നിട്ടും പിന്തുടര്‍ന്നില്ല. അതിനൊന്നും സര്‍ക്കാരും ഉദ്യോഗസ്ഥരും ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കാട്ടിലെ പ്രശ്‌നം അറിയണം എങ്കില്‍ കാട് കാണണം.  ഈ മന്ത്രി കാട് കണ്ടിട്ടില്ല. മന്ത്രി എ.കെ ശശീന്ദ്രന്‍ വയനാട്ടില്‍ എത്താത്തതിനെതിരെയും കെപിസിസി അധ്യക്ഷന്‍ വിമര്‍ശനം ഉന്നയിച്ചു. അജീഷിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരമായി പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപ കുറഞ്ഞുപോയെന്ന വിമര്‍ശനവും എംപി ഉയര്‍ത്തി. ‘പത്ത് ലക്ഷം ഉലുവയാണ് ഒരു ചെറുപ്പക്കാരന്‍റെ മരണത്തില്‍ കുടുംബത്തിന് പ്രഖ്യാപിച്ചത്. രണ്ട് മക്കള്‍ പഠിക്കുന്നുണ്ട്. അതിന് പോലും തികയില്ല. സര്‍ക്കാരിന് മനുഷ്യത്വവും മര്യാദയും ഇല്ലേയെന്നും അദ്ദേഹം ചോദിച്ചു.