കണ്ണൂരിലെ സി.പി.എം നടപടി ഗുരുതര ഭവിഷ്യത്തുകൾ ക്ഷണിച്ചുവരുത്തും ; പൊലീസിന്‍റേത് പാർട്ടിക്ക് ഓശാന പാടുന്ന സമീപനം: കെ.സുധാകരൻ എം പി

Jaihind News Bureau
Monday, September 21, 2020

 

കണ്ണൂർ: ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനിയെ കയ്യേറ്റം ചെയ്യുകയും തടഞ്ഞുവെക്കുകയും ചെയ്ത  നടപടി ഗുരുതരമായ ഭവിഷ്യത്തുകൾ ക്ഷണിച്ചുവരുത്തുമെന്ന് സി.പി.എം നേതൃത്വം ഓർക്കണമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കെ സുധാകരൻ എം പി. ആളെ കൊല്ലാനും പാർട്ടി ഓഫീസുകള്‍ തകർക്കാനും ബോംബുകൾ നിർമ്മിക്കുകയും ആയുധ സംഭരണം നടത്തുകയും ചെയ്യുന്ന സിപിഎമ്മിന് ഓശാന പാടുന്ന സമീപനമാണ് പൊലീസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ പൊലീസ് സംവിധാനം പൂർണമായും നിഷ്ക്രിയമായ അവസ്ഥയിലാണ്. സിപിഎം ക്രിമിനൽസംഘം അഴിഞ്ഞാടുമ്പോൾ പൊലീസ് കാഴ്ചക്കാരെ പോലെ നോക്കി നിൽക്കുന്നു. കാക്കി ഉടുപ്പിന്‍റെ മാന്യതയും ഉത്തരവാദിത്വവും കളഞ്ഞു കുളിക്കാതെ ജില്ലയിലെ പൊലീസ് സേന പെരുമാറണമെന്നും നാടിനെ കലാപത്തിലേക്ക് നയിക്കാനുള്ള സിപിഎം നീക്കം അനുവദിക്കില്ലെന്നും കെ സുധാകരൻ എം.പി പ്രസ്താവനയിൽ പറഞ്ഞു.