കെ.സുധാകരന് ധർമ്മടത്ത് പാർട്ടി ഗ്രാമങ്ങളിലടക്കം ആവേശകരമായ സ്വീകരണം

Jaihind Webdesk
Sunday, March 31, 2019

മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിയോജക മണ്ഡലമായ ധർമ്മടത്തിന്‍റെ രാഷ്ട്രീയ ചരിത്രം തിരുത്തി കുറിക്കുന്ന ആവേശവുമായി കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. സുധാകരന്‍റെ തെരഞ്ഞെടുപ്പ് പര്യടനം. ധർമ്മടം നിയോജക മണ്ഡലത്തിലെ പാർട്ടി ഗ്രാമങ്ങളിലടക്കം ആവേശകരമായ സ്വീകരണമാണ് കെ.സുധാകരന് ലഭിച്ചത്

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ആവേശത്തിന്‍റെ അലയൊലികൾ സൃഷ്ടിച്ചു കൊണ്ടാണ് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.സുധാകരൻ പര്യടനം നടത്തിയത്. വേങ്ങാട് അങ്ങാടിയിൽ നിന്നാരംഭിച്ച പ്രചാരണം രാത്രിയോടെ പെരളശ്ശേരി കോട്ടത്ത് സമാപിക്കുമ്പോൾ യു ഡി എഫിന് പ്രതീക്ഷ നൽകുന്ന പ്രതികരണമാണ് കെ.സുധാകരന് വോട്ടർമാരിൽ നിന്ന് ലഭിച്ചത്. നൂറോളം ബൈക്കുകളിൽ മൂവർണ കൊടിയും ഹരിത പതാകയുമേന്തി യുവാക്കൾ കെ.സുധാകരനൊപ്പം അണിചേർന്നത് പ്രചാരണത്തിന് കൊഴുപ്പേകി.

കല്ലായി, തട്ടാരി, അമ്പനാട്, പനയത്താംപറമ്പ്, മുഴപ്പാല, ചക്കരക്കൽ, മൗവ്വഞ്ചരി, ഐസിഎസ് മുക്ക്, ഹസ്സൻ മുക്ക്, പൊതുവാച്ചേരി എന്നിവിടങ്ങളിലെല്ലാം കെ.സുധാകരന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. വലിയ ഘോഷയാത്രയ്ക്ക് സമാനമായ സ്ഥാനാർത്ഥി പര്യടനം മുഖ്യമന്ത്രിയുടെ മണ്ഡലത്തിന്‍റെ രാഷ്ട്രീയ ജാതകം തിരുത്തികുറിക്കാൻ പര്യാപ്തമായിരുന്നു. സിപിഎമ്മിന്‍റെ ശക്തികേന്ദ്രമായ ഇരിവേരി കരിമ്പയിൽ, ആർ.വി മൊട്ട, വെള്ളച്ചാൽ, മൂന്നാംപാലം എന്നിവിടങ്ങളിലും കെ സുധാകരന് വൻ വരവേൽപ്പാണ് നൽകിയത്. കാടാച്ചിറയിലെത്തിയ കെ.സുധാകരനെ നൂറുകണക്കിനാളുകൾ ചേർന്ന് സ്വീകരിച്ചു.

പനോന്നേരി, ചാല, ചാല തെക്കേക്കര, എടക്കാട്, ചിൽഡ്രൻസ് പാർക്ക്‌, റഹ്‌മാനിയപള്ളി മഠം, മുഴപ്പിലങ്ങാട് ഗേറ്റ്, മീത്തിലെ പീടിക, അംബേദ്കർ കോളനിയിലും നിരവധിപ്പേർ കെ.സുധാകരനെ വരവേറ്റു. മുഖ്യമന്ത്രിയുടെ നാടായ പിണറായി കിഴക്കു ഭാഗം കിഴക്കുംഭാഗം, വെണ്ടുട്ടായി, ഉമ്മൻ ചിറ , സുബേദാർ റോഡ്, പാച്ചപൊയ്ക, കേളാല്ലുർ തുടങ്ങിയ സ്ഥലങ്ങളിലും കെ.സുധാകരൻ പര്യടനം നടത്തി. പിണറായി പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവർ കെ.സുധാകരനെ വരവേറ്റു. സ്ഥാനാർത്ഥിയുടെ വരവറിയിച്ച് വൻ കരിമരുന്ന് പ്രയോഗമാണ് വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ നടന്നത്.കെ സുധാകരന് നേരെ മുഖ്യമന്ത്രി വ്യക്തിപരമായി നടത്തിയ വിമർശനങ്ങൾക്ക് കടുത്ത ഭാഷയിലുള്ള മറുപടിയാണ് കെ.സുധാകരൻ വിവിധ സ്വീകരണ പൊതുയോഗങ്ങളിൽ നൽകിയത്

പെരളശ്ശേരി കോട്ടത്താണ് ധർമ്മടം നിയോജക മണ്ഡലത്തിലെ പര്യടനം സമാപിച്ചത്. സിപിഎം ശക്തികേന്ദ്രങ്ങളിലടക്കം കെ.സുധാകരന് ലഭിച്ച ഗംഭീര വരവേൽപ്പ് വോട്ടായി മാറുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യുഡിഎഫ്.