
ശബരിമല സ്വര്‍ണ്ണ കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ടെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം കെ.സുധാകരന്‍ എംപി. ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ കൂടുതല്‍ പേര്‍ പിറകിലുണ്ട്. അതും പുറത്ത് വരും. ഹൈക്കോടതി മേല്‍നോട്ടം ഉള്ളത് കൊണ്ടാണ് പത്മകുമാറില്‍ എത്തിയത്. കൊള്ളയ്ക്ക് പ്രേരിപ്പിച്ചത് പിണറായി വിജയന്റെ ബന്ധവും ഉറപ്പും ആണ്. ഗോവിന്ദന്‍ മാഷിന് മറുപടി ഇല്ല. കാര്യമില്ലാതെ സംസാരിക്കുന്ന ആളാണ് ഗോവിന്ദന്‍ മാഷ്. അഴിമതി സി പി എമ്മിന്റെ അജണ്ഡയാണെന്നും അഴിമതി ഇല്ലാത്ത എന്ത് കാര്യമാണ് പിണറായി സര്‍ക്കാരിനുള്ളതെന്നും കെ.സുധാകരന്‍ എംപി കണ്ണൂരില്‍ പറഞ്ഞു.
ശബരിമലയെ കൊള്ളയടിച്ച മാഫിയയുടെ മുഖ്യ സൂത്രധാരന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ആണെന്ന് മൊഴികളും രേഖകളും തെളിയിക്കുകയാണ്. ശ്രീകോവിലിന് മുന്നിലെ വിലമതിക്കാനാവാത്ത സ്വര്‍ണ്ണപ്പാളി, ‘ചെമ്പ്’ എന്ന് കള്ളരേഖയുണ്ടാക്കി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കടത്തിക്കൊണ്ടുപോകാന്‍ എല്ലാ ഒത്താശയും ചെയ്തത് ഈ ഉന്നത നേതാവാണെന്ന് വ്യക്തമായി കഴിഞ്ഞു. പോറ്റിയും പത്മകുമാറും തമ്മില്‍ നടന്ന കള്ളപ്പണ ഇടപാടുകളുടെ ഞെട്ടിക്കുന്ന സൂചനകളും പുറത്തുവന്നതോടെ, ഈ കവര്‍ച്ചക്ക് പിന്നില്‍ നടന്നത് ഉദ്യോഗസ്ഥരുടെ പിഴവല്ല, മറിച്ച് ഭരണതലത്തിലെ വന്‍ ഗൂഢാലോചനയാണെന്ന് പകല്‍പോലെ തെളിഞ്ഞിരിക്കുകയാണ്. അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു, സുധേഷ് കുമാര്‍, എന്‍. വാസു, തുടങ്ങി എല്ലാവരുടെയും മൊഴികള്‍ ഈ ‘വലിയ സ്രാവി’ന് എതിരാണ്. നിയമത്തില്‍ നിന്ന് ഒളിച്ചോടി നടന്ന പത്മകുമാറിനെ ഒടുവില്‍ പൂട്ടിയിട്ടതോടെ, ഈ തട്ടിപ്പില്‍ ഭരണകക്ഷിക്ക് നേരിട്ടുള്ള പങ്കാളിത്തം വ്യക്തമായിരിക്കുന്നു.