കൊടിയ ജാതി വിവേചനം നേരിട്ട് അനുഭവിച്ചിട്ടുണ്ട്; ഇപ്പോള്‍ അനുഭവിക്കുന്ന ആനുകൂല്യങ്ങള്‍ എങ്ങനെ കൈവന്നുവെന്ന് പുതിയ തലമുറ അറിയണമെന്ന് കെ സുധാകരന്‍

Jaihind Webdesk
Tuesday, December 5, 2023

സാമൂഹ്യ അനാചാരങ്ങള്‍ക്കെതിരെയുള്ള ദേശീയ തലത്തില്‍ കുരിശ് യുദ്ധത്തിന് തുടക്കമിട്ടത്, വൈക്കം സത്യാഗ്രഹത്തിലൂടെയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ എം.പി. വൈക്കം സത്യാഗ്രഹ സമരത്തിന്‍റെ ശതാബ്ദി ആഘോഷത്തിന്‍റെ ഭാഗമായി കെപിസിസിയുടെ നേതൃത്വത്തിൽ നടന്ന ചരിത്ര കോൺഗ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊടിയ ജാതി വിവേചനം താന്‍ നേരിട്ട് അനുഭവിച്ചിട്ടുണ്ടെന്ന് കെപിസി പ്രസിഡന്‍റ് കെ സുധാകരന്‍ എം.പി അധ്യക്ഷ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. കണ്ണൂര്‍ എടക്കാട് അമ്പലത്തിനു മുന്നിലൂടെ സവര്‍ണര്‍ ഹോയ് ഹോയ് എന്നു വിളിച്ചു പോകുമ്പോള്‍ വഴിമാറി കൊടുക്കേണ്ടി വന്നു. കളിച്ചുകൊണ്ടിരുന്നപ്പോള്‍ ബാറ്റ് ഇട്ടേച്ചു പോകേണ്ടിയും വന്നു. ഒരിക്കല്‍ കൂട്ടുകാരനൊപ്പം അവന്‍റെ ഇല്ലത്തു പോയപ്പോള്‍ ഉമ്മറത്തുനിന്നാല്‍ മതിയെന്നു കാരണവര്‍ പറഞ്ഞതു കേട്ട് തലതാഴ്ത്തി ഇറങ്ങിപ്പോന്നിട്ടുണ്ട്. ഇങ്ങനെയൊരു ഭൂതകാലം കേരളത്തിനുണ്ടെന്ന് പുതിയ തലമുറയ്ക്ക് അറിയില്ല. നാം ഇപ്പോള്‍ അനുഭവിക്കുന്ന ആനുകൂല്യങ്ങള്‍ ആരിലൂടെയും ഏതിലൂടെയും എങ്ങനെയാണെന്നും കൈവന്നതെന്ന് പുതിയ തലമുറ അറിയേണ്ടതുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

ആധുനിക കേരളത്തെ ഏറ്റവുമധികം സ്വാധീനിച്ച രാഷ്ട്രീയ സാമൂഹ്യ മുന്നേറ്റമാണ് വൈക്കം സത്യാഗ്രഹം. ജനാധിപത്യ കേരളത്തിന്‍റെ രൂപീകരണത്തില്‍ അതു നിര്‍ണായക പങ്കുവഹിച്ചു. എന്നാല്‍ 100 വര്‍ഷം പിന്നിടുമ്പോഴും വൈക്കം സമരംപോലുള്ള നൂറുകണക്കിനു സമരങ്ങള്‍ നയിക്കേണ്ട സാഹചര്യങ്ങളാണ് നിലവിലുള്ളത്. വഴിനടക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള സമരമാണ് വൈക്കത്ത് അരങ്ങേറിയതെങ്കില്‍ ജുഡീഷ്യറിയിലും സര്‍ക്കാര്‍ ജോലികളിലും മാധ്യമരംഗത്തും ഇന്നും ദളിത് പ്രാതിനിധ്യം മരീചികയാണ്. ജാതിഭേദവും മതദ്വേഷവും ശക്തിപ്രാപിക്കുന്നു. ഇവയെക്കുറിച്ചെല്ലാം ബോധവന്മാരാകാനും പരിഹാരമാര്‍ഗങ്ങള്‍ മനനം ചെയ്യാനും ചരിത്ര കോണ്‍ഗ്രസ് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

100 വര്‍ഷം മുമ്പ് രാജ്യത്ത് അയിത്തത്തിനെതിരേ നടന്ന ആദ്യത്തെ സംഘടിത സമരം, ഗാന്ധിജിയുടെ ആശീര്‍വാദത്തോടെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടന്ന ഐതിഹാസിക മുന്നേറ്റം, ശ്രീനാരായണ ഗുരുദേവന്‍, മന്നത്തുപത്മനാഭന്‍ തുടങ്ങിയ സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ ഇടപെടലുണ്ടായ ചരിത്രസംഭവം, വിനോദ ഭാവെ, പെരിയോര്‍ ഇവി രാമസ്വാമി നായ്ക്കര്‍, അകാലി നേതാവ് ലാലാ ലാല്‍ സിംഗ് തുടങ്ങിയ പ്രഗത്ഭരുടെ സജീവ സാന്നിധ്യം തുടങ്ങിയ പല കാരണങ്ങളാല്‍ കേരള ചരിത്രത്തിലേയും കോണ്‍ഗ്രസ് ചരിത്രത്തിലേയും സുവര്‍ണാധ്യായമാണ് വൈക്കം സത്യാഗ്രഹം.

603 ദിവസം നീണ്ട സത്യഗ്രഹം മഹാത്മഗാ്‌നധി മുന്‍കൈ എടുത്താണ് ഒത്തുതീര്‍പ്പായത്. അന്നത് സമ്പൂര്‍ണ വിജയത്തിലെത്തിയില്ലെങ്കിലും ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം 10 വര്‍ഷം കഴിഞ്ഞ് 1936ല്‍ പുറത്തുവന്നപ്പോള്‍ അതു വൈക്കം സത്യാഗ്രഹത്തിന്‍റെ വിജയം കൂടിയായി. തിരുവിതാംകൂറിലെ ക്ഷേത്രങ്ങള്‍ എല്ലാ സമുദായങ്ങള്‍ക്കുമായി തുറന്നിട്ടു. ആധുനിക കാലത്തിലെ അത്ഭുതം എന്നാണ് ഗാന്ധിജി ഇതിനെ വിശേഷിപ്പിച്ചത്. ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ വിജയകരമായ പരീക്ഷണശാലയായും വൈക്കം ചരിത്രത്തില്‍ ഇടംപിടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.