പരാജയത്തില്‍ ഏതെങ്കിലും വ്യക്തിയെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല ; ഇനിയുള്ള നടപടികള്‍ സമയമെടുത്ത് ആലോചിച്ച് കൈക്കൊള്ളും : കെ സുധാകരന്‍

Jaihind Webdesk
Wednesday, May 5, 2021

 

K-Sudhakaran

തിരുവനന്തപുരം : പരാജയത്തില്‍ ഏതെങ്കിലും വ്യക്തിയെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവിന്‍റെ പ്രവര്‍ത്തനം ഭംഗിയായി നടത്തി. ഇനിയുള്ള നടപടികള്‍ സമയമെടുത്ത് ആലോചിച്ച് കൈക്കൊള്ളുമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

പരാജയത്തിന്‍റെ അടിസ്ഥാന കാരണം കണ്ടെത്തുക എന്നതാണ് അനിവാര്യം. പരാജയത്തിന് നിരവധി കാരണങ്ങളുണ്ട്. അവ കണ്ടെത്തി തിരുത്തുന്ന നടപടിയല്ലാതെ വ്യഗ്രതപ്പെട്ട് ഒരു നടപടി സ്വീകരിക്കുന്നത് ഗുണകരമാകില്ല. അതിന് അതിന്‍റേതായ സമയമെടുക്കും. രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ചര്‍ച്ചചെയ്ത് ഹൈക്കമാന്‍ഡുമായി ആലോചിച്ച് തീരുമാനിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

നേതൃസ്ഥാനത്തിരിക്കുന്ന ആരും പാര്‍ട്ടി വിരുദ്ധ നടപടികള്‍ സ്വീകരിക്കും എന്ന് വിശ്വസിക്കാന്‍ സാധ്യമല്ല. പോരായ്മകള്‍ ഉണ്ടാകാം. അതൊന്നും മനപ്പൂര്‍വമാണെന്ന് കരുതുന്നില്ല. കാര്യങ്ങള്‍ എല്ലാവരെയും ബോധ്യപ്പെടുത്തിക്കൊണ്ട് ഹൈക്കമാന്‍ഡിന്‍റെ അനുവാദത്തോടെയുള്ള തീരുമാനം പ്രാവര്‍ത്തികമാക്കുന്നതാണ് കോണ്‍ഗ്രസിനു മുന്നണിക്കും നല്ലത്. സക്രിയമായ നേതൃത്വത്തെ കണ്ടെത്താന്‍ പാര്‍ട്ടിക്ക് സാധിക്കണമെന്നും സുധാകരന്‍ പറഞ്ഞു.