ജാതിയെ മറികടക്കാന്‍ ജാതിസെന്‍സസ് അനിവാര്യം; യഥാര്‍ത്ഥ വിവരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കാലഘട്ടം കൂടിയാണിതെന്നും കെ. രാജു

Jaihind Webdesk
Tuesday, December 5, 2023


അയിത്തത്തിനെതിരെ വൈക്കം സത്യഗ്രഹം നടത്തുകയും നൂറുവര്‍ഷം കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ജാതി സെന്‍സന്‍സ് നടപ്പാക്കണം എന്ന പ്രമേയം പാസാക്കുകയും ചെയ്തപ്പോള്‍ മനുവിന്‍റെയും മനുസ്മൃതിയുടെയും ആശയങ്ങളെയാണ് വെല്ലുവിളിച്ചതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിയംഗം കെ. രാജു.  ജാതിയെ മറികടക്കാന്‍ ജാതിസംബന്ധമായ വ്യക്തമായ കണക്കുകളും അതിന്‍റെ അടിസ്ഥാനത്തിലുള്ള നടപടികളും ആവശ്യമാണ്. വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ കമ്മിറ്റി തിരുവനന്തപുരം, കവടിയാര്‍ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ സംഘടിപ്പിച്ച ദ്വിദിന ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയിത്തത്തിനെതിരെ വൈക്കം സത്യഗ്രഹം നടക്കുന്നതിനിടയിലാണ് 1925 സെപ്റ്റംബര്‍ 27ന് നാഗ്പൂരില്‍ ഹെഗ്‌ഡെവര്‍ ജാതിവ്യവസ്ഥ ഊട്ടിയുറപ്പിക്കാന്‍ രാഷ്ട്രീയ സ്വയം സേവക സംഘം ആരംഭിച്ചത്. എന്നാല്‍ മഹാത്മഗാന്ധി രൂപീകരിച്ച ഹരിജന്‍ സേവക് സംഘത്തിന്‍റെ ആറു നേതാക്കള്‍ രാജ്യവ്യാപകമായി സഞ്ചരിച്ച് അയിത്തോച്ചാടനത്തിനും ദളിത് പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേത്രപ്രവേശനത്തിനും വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു. പൊതുടാങ്കില്‍ നിന്ന് വെള്ളം ഉപയോഗിക്കാന്‍ ഡോ ബി.ആര്‍ അംബേദ്ക്കര്‍ പ്രക്ഷോഭം നടത്തുകയായിരുന്നു. അയിത്തത്തിനും ജാതിവ്യവസ്ഥയ്ക്കുമെതിരേയുള്ള കോണ്‍ഗ്രസിന്‍റെ പോരാട്ടങ്ങള്‍ക്ക് വൈക്കം സത്യഗ്രഹം ചാലകശക്തിയായിരുന്നു.

ഇന്നത്തെ കാലഘട്ടത്തില്‍ സത്യവും അസത്യവും തമ്മിലുള്ള അതിര്‍വരമ്പ് ഇല്ലാതാക്കി. ചുറ്റും മനഃപൂര്‍വമായി സൃഷ്ടിച്ചെടുക്കുന്ന വസ്തുതകളാണുള്ളത്. അറിവിനേക്കാള്‍ പ്രധാനം വൈകാരിക വിഷയങ്ങള്‍ക്കാണ്. സാമൂഹ്യ രാഷ്ട്രീയജീവിതത്തിലുള്ളവര്‍ സത്യം, തെളിവ് തുടങ്ങിയവയ്ക്ക് യാതൊരു പ്രാമുഖ്യവും നല്‍കുന്നില്ല. നമ്മുടെ രാജ്യത്തിന്‍റെ ചരിത്രം, സാംസ്‌കാരിക വൈവിധ്യം എന്നിവയെല്ലാം തീവ്രവലതുപക്ഷ ഫാസിസ്റ്റ് ശക്തികളുടെ ആക്രമണം നേരിടുന്നു. വാട്‌സാപ്പ് സര്‍വകലാശാലയില്‍നിന്നു തെറ്റായ വിവരങ്ങളാണ് തുടര്‍ച്ചയായി നല്‍കുന്നത്. കോര്‍പറേറ്റുകള്‍ പ്രധാനപ്പെട്ട മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു. യഥാര്‍ത്ഥ വിവരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കാലഘട്ടം കൂടിയാണിതെന്നും കെ. രാജു പറഞ്ഞു.