കെ റെയില്‍: മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ ഉയരുന്നത് കനത്ത പ്രതിഷേധം; സര്‍വ സന്നാഹങ്ങളുമായി വന്നാലും തടയുമെന്ന് നാട്ടുകാരും സമരസമിതിയും

Jaihind Webdesk
Saturday, April 30, 2022

 

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിയോജക മണ്ഡലമായ ധർമ്മടത്ത് കെ റയിൽ സർവേ കല്ല് സ്ഥാപിക്കുന്നതിന് എതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി സമരസമിതിയും നാട്ടുകാരും. സർവേ കല്ല് സ്ഥാപിക്കുന്നത് തടയുമെന്ന് പ്രദേശവാസികളും സമരസമിതിയും വ്യക്തമാക്കി. ധർമ്മടം പഞ്ചായത്തിൽ സർവേക്കല്ല് സ്ഥാപിക്കാനായി എത്തിയ ഉദ്യോഗസ്ഥർക്ക് കനത്ത എതിർപ്പാണ് കഴിഞ്ഞ ദിവസം നേരിടേണ്ടി വന്നത് .

പ്രായമേറിയ സ്ത്രീകൾ മുതൽ നോമ്പെടുത്ത ഉമ്മമാർ വരെയാണ് ധർമ്മടം പഞ്ചായത്തിൽ കെ റയിൽ റയിൽ സർവേകല്ല് സ്ഥാപിക്കുന്നതിന് എതിരെ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയത്. കെ റെയിലിനും സർക്കാരിനുമെതിരെ മുദ്രാവാക്യം മുഴക്കി അവർ സർവേ ആരംഭിച്ച പതിനാലാം വാർഡിൽ സംഘടിച്ചു. പ്രതിഷേധക്കാർ സർവേ കല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു നിർത്തി. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കാനായി പോലീസ് എത്തിയെങ്കിലും ജനശക്തിക്ക് മുന്നിൽ അവരും കീഴടങ്ങി.

കെ റെയിൽ പദ്ധതി ആവശ്യമില്ലെന്ന പ്രഖ്യാപനമാണ് പ്രതിഷേധക്കാർ ഉയർത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനമാണ് പ്രതിഷേധക്കാർ ഉയർത്തുന്നത്. കെ റെയിൽ എന്തിനുവേണ്ടിയാണ് എന്ന ചോദ്യമാണ് പൊതു ജനങ്ങളിൽ നിന്ന് ഉയരുന്നത്. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ധർമ്മടം പഞ്ചായത്തിൽ സർവേ കല്ല് സ്ഥാപിക്കാനായില്ല. വരും ദിവസങ്ങളിൽ സർവേ കല്ല് സ്ഥാപിക്കാനായി വലിയ സന്നാഹങ്ങളുമായി വന്നാലും അതിനെ തടയുമെന്നാണ് ധർമ്മടത്തെ നാട്ടുകാർ പറയുന്നത്.