ജനങ്ങൾക്ക് പുല്ലുവില ! കെ റെയിലിൽ ഏകപക്ഷീയ നിലപാടുമായി സർക്കാർ മുന്നോട്ട്; 50 ലക്ഷം കൈപ്പുസ്തകം അച്ചടിക്കാൻ ടെണ്ടർ വിളിച്ചു

Jaihind Webdesk
Wednesday, January 12, 2022

തിരുവനന്തപുരം : പ്രതിഷേധങ്ങളെ അവഗണിച്ച് വിവാദ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ടു പോകാൻ സംസ്ഥാന സർക്കാർ. പദ്ധതിയുമായി ബന്ധപ്പെട്ട് 50 ലക്ഷം കൈപ്പുസ്തകം അച്ചടിക്കാനുള്ള ടെണ്ടർ വിളിച്ചിരിക്കുകയാണ് സർക്കാർ. ജനതാൽപര്യം മുഖവിലക്കെടുക്കാതെയുള്ള മുഖ്യമന്ത്രിയുടെ ഏകപക്ഷീയ നിലപാടിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്.

വിവാദ കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കകളും പരാതികളും നിലനിൽക്കുകയാണ്. ജനങ്ങളെ കേൾക്കാൻ എന്ന പേരിൽ വിളിച്ചു ചേർത്ത പൗര പ്രമുഖരുടെ യോഗവും പ്രഹസനം എന്ന ആക്ഷേപം ഉയർന്നിരുന്നു. കൃത്യമായ വിശദീകരണം നൽകാതെ പദ്ധതിയുമായി മുന്നോട്ടു പോകാൻ അനുവദിക്കില്ല എന്ന പ്രതിപക്ഷവും നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാൽ 2025 ൽ തന്നെ ട്രെയിൻ ഓടിക്കുമെന്ന വാശിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിഷേധങ്ങളെ വകവെക്കാതെ പിആർ വർക്കുമായി മുന്നോട്ടു പോവുകയാണ് സർക്കാരും ഇടതു പക്ഷവും.

ഇതിന്‍റെ ഭാഗമായി സർക്കാരിന് പറയാനുള്ള കാര്യങ്ങൾ ഏകപക്ഷീയമായി ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാൻ 50 ലക്ഷം കോപ്പി കൈപ്പുസ്തകം ഇറക്കുന്നതിന് ടെണ്ടർ വിളിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച പരസ്യം എല്ലാ ദിനപത്രങ്ങളിലും നൽകിയിട്ടുമുണ്ട്. ഇങ്ങനെ അച്ചടിക്കുന്ന പുസ്തകം എല്ലാ വീട്ടിലും എത്തികാനാണ് സർക്കാർ ആലോചന. എന്നാൽ ഡിപിആർ അടക്കമുള്ള കാര്യങ്ങൾ ജനങ്ങൾക്ക് മുന്നിലേക്ക് വെക്കാനോ, ജനങ്ങളുമായി ചർച്ച ചെയ്യണോ സർക്കാർ തയാറാകുന്നില്ല എന്നതാണ് വിരോധാഭാസം.

പ്രമുഖ പരിസ്ഥിതി പ്രവർത്തക മേധാ പട്കർ അടക്കമുള്ളവർ കെ റെയിലിനെതിരെ രംഗത്തെത്തിയിരുന്നു. സംസ്ഥാനമൊട്ടാകെ കെ റെയിലിനെതിരെ വ്യാപക പ്രതിഷേധം ഉയരുമ്പോഴും മുഖ്യമന്ത്രി ഏകപക്ഷീയ നിലപാടുമായി മുന്നോട്ടുപോകുന്നതിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.