‘പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു, ആനാവൂർ നാഗപ്പനും ഡിവൈഎഫ്ഐയും എനിക്ക് സർട്ടിഫിക്കേറ്റ് തരേണ്ട’ : കെ മുരളീധരന്‍ എംപി

 

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രൻ പരാതി നൽകിയതിൽ ഭയമൊന്നുമില്ലെന്ന് കെ മുരളീധരന്‍ എംപി. തനിക്കതിരെ ഒരുപാട് കേസുകൾ ഉണ്ട്. നഗരസഭയുടെ ചരിത്രത്തിൽ നടന്നിട്ടില്ലാത്ത അഴിമതിയാണ് നടന്നത്. പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു. തന്‍റെ പ്രസ്താവന കാരണം മേയര്‍ക്ക് മാനസിക പ്രയാസമുണ്ടായെങ്കില്‍ ഖേദിക്കുന്നുവെന്നും കെ മുരളീധരന്‍ പറഞ്ഞു.

ലക്ഷങ്ങളുടെ തട്ടിപ്പ് കോര്‍പ്പറേഷനില്‍ നടന്നു. ഭരിക്കുന്നവര്‍ക്ക് ധാര്‍മിക ഉത്തരവാദിത്തം ഉണ്ട്. നടക്കാത്ത പൊങ്കാലയ്ക്ക് ലക്ഷങ്ങള്‍ എഴുതിയെടുത്തു. ചിക്കനും പൊറോട്ടയും വാങ്ങാനെന്ന് പരസ്യമായിട്ട് പറയുകയും ചെയ്തു. ഇതൊക്കെ നഗരസഭയുടെ ചരിത്രത്തില്‍ ഇല്ലാത്ത കാര്യമാണ്. യുഡിഎഫ് കൌണ്‍സിലര്‍മാരെ അപമാനിക്കുന്നു എന്ന് പരാതി കിട്ടിയിട്ടുണ്ട്. ഞാന്‍ ഉദ്ദേശിച്ചത് പക്വതയില്ലാത്ത പെരുമാറ്റമെന്നാണ്. ആ പറഞ്ഞതില്‍ ഞാനിപ്പോഴും ഉറച്ചുനില്‍ക്കുന്നു.

അതേസമയം എന്‍റെ പ്രസ്താവന കൊണ്ട് അവര്‍ക്ക് മാനസികമായ പ്രയാസമുണ്ടായിട്ടുണ്ടെങ്കില്‍ എനിക്ക് ഖേദമുണ്ട്. എന്‍റെ പ്രസ്താവന കൊണ്ട് സ്ത്രീകള്‍ക്ക് പ്രത്യേകിച്ച് ഒരു മാനസിക പ്രയാസം ഉണ്ടാവാന്‍ പാടില്ലെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. എന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ ഞാന്‍ കാരണം ഒരാള്‍ക്കും മാനസിക പ്രയാസമുണ്ടാവരുത്. ഞാന്‍ ചൂണ്ടിക്കാട്ടിയ തെറ്റുകളില്‍ ഉറച്ചുനില്‍ക്കുന്നു. പക്ഷേ വ്യക്തിപരമായി മേയര്‍ക്ക് എതിരായി അധിക്ഷേപം ചൊരിഞ്ഞു എന്ന തോന്നലുണ്ടെങ്കില്‍‌ അതിലെനിക്ക് ഖേദമുണ്ട്.

സൗന്ദര്യം ഉണ്ട് എന്ന് പറയുന്നതിൽ അശ്ലീലം ഉണ്ടെന്ന് കരുതുന്നില്ല. ആനാവൂർ നാഗപ്പനും ഡിവൈഎഫ്ഐയും തനിക്ക് സർട്ടിഫിക്കേറ്റ് തരേണ്ട ആവശ്യമില്ല. ശരീരത്തിന്‍റെ സൗന്ദര്യം വാക്കുകളിൽ ഇല്ല എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. ഖേദിക്കുന്നതിൽ ഒരു അഭിമാന പ്രശ്നവുമില്ല – അദ്ദേഹം പറഞ്ഞു.

 

Comments (0)
Add Comment