‘അര്‍ധനഗ്നനായി സഭയില്‍ നൃത്തം ചെയ്യുന്നതാണോ മൗലികാവകാശം’ ; കയ്യാങ്കളിക്കേസില്‍ സര്‍ക്കാരിന്‍റേത് നാണം കെട്ട സമീപനമെന്ന് കെ മുരളീധരന്‍ എംപി

തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത് നാണംകെട്ട സമീപനമെന്ന് കെ. മുരളീധരന്‍. കെ.എം മാണിയെ ദേഹോപദ്രവം ഏല്‍പിക്കാനാണ് സഭയില്‍ എല്‍.ഡി.എഫ് ശ്രമിച്ചത്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നത് വരെ യു.ഡി.എഫ് ഒറ്റകെട്ടായി മുന്നോട്ടു പോകുമെന്നും മുരളീധരന്‍ പറഞ്ഞു.

സ്പീക്കറുടെ ചേംബറിലെ ഇലക്ടോണിക് ഉപകരണങ്ങള്‍ തല്ലിത്തകര്‍ക്കുന്നതും സ്പീക്കറുടെ കസേര വലിച്ചെറിയുന്നതും അര്‍ധനഗ്നനായി നിയമസഭയില്‍ നൃത്തം ചെയ്യുന്നതുമാണോ ഒരു എം.എല്‍.എയുടെ മൗലികാവകാശമെന്നും അദ്ദേഹം ചോദിച്ചു. മൗലികാവശങ്ങള്‍ പരസ്യമായി ധ്വംസിച്ചവര്‍ക്കെതിരെ പരസ്യമായി നടപടി സ്വീകരിക്കണമെന്നാണ് യു.ഡി.എഫിന്‍റെ നയമെന്നും മുരളീധരന്‍ വ്യക്തമാക്കി.

കെ.എം മാണി അന്നും ഇന്നും യു.ഡി.എഫിന്‍റെ അഭിമാനമാണ്. സുപ്രീകോടതിയിലെ സര്‍ക്കാരിന്‍റെ നിലപാടില്‍ മാണി സാറിന്‍റെ അനുയായികള്‍ക്ക് എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ താത്പര്യമുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

Comments (0)
Add Comment