
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും സിപിഎം – ബിജെപി അന്തർധാര സജീവമാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ ആരോപിച്ചു. നേമത്ത് നിന്ന് വി. ശിവൻകുട്ടിയും വട്ടിയൂർക്കാവിൽ നിന്ന് ബിജെപിയുടെ ആർ. ശ്രീലേഖയും പിന്മാറിയത് ഈ അവിശുദ്ധ കൂട്ടുകെട്ടിന് തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരം നഗരസഭ ബിജെപിക്ക് നൽകിയതുപോലെ നിയമസഭാ സീറ്റുകളിലും ഇരുകൂട്ടരും തമ്മിൽ ധാരണയുണ്ടെന്ന് മുരളീധരൻ ആരോപിച്ചു. താൻ മത്സരിക്കണോ അതോ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകണോ എന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുവാക്കളും വനിതകളും അനുഭവസമ്പന്നരും ഉൾപ്പെടുന്ന ഏറ്റവും മികച്ച സ്ഥാനാർത്ഥി പട്ടികയായിരിക്കും കോൺഗ്രസ് ഇത്തവണ അവതരിപ്പിക്കുക. സ്ഥാനാർത്ഥി നിർണയത്തിൽ യാതൊരുവിധ തർക്കങ്ങളും ഉണ്ടാകില്ലെന്ന് ഉറപ്പുനൽകിയ അദ്ദേഹം, തെരഞ്ഞെടുപ്പിന് മുൻപും ശേഷവും പാർട്ടി ഒറ്റക്കെട്ടായി നീങ്ങുമെന്നും ബൂത്ത് കമ്മിറ്റികൾ ഉടൻ പുനഃസംഘടിപ്പിക്കുമെന്നും അറിയിച്ചു.
തിരുവനന്തപുരത്തെ ബിജെപിയിൽ ഇപ്പോൾ തന്നെ ആഭ്യന്തര കലഹം രൂക്ഷമായിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഇത് കൂടുതൽ മൂർച്ഛിക്കും. നഗരസഭ ഭരണം കോൺഗ്രസ് അട്ടിമറിക്കാൻ നോക്കില്ലെന്നും, എന്നാൽ ബിജെപിയിലെ തർക്കങ്ങൾ കാരണം ഭരണം തകർന്നാൽ അതിൽ തങ്ങൾ ഉത്തരവാദികളല്ലെന്നും മുരളീധരൻ പരിഹസിച്ചു.
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുമായി കോൺഗ്രസ് കൃത്യമായ ചർച്ചകൾ നടത്തും. ലീഗിന് കൂടുതൽ സീറ്റുകൾക്ക് അർഹതയുണ്ടെന്ന് വ്യക്തമാക്കിയ മുരളീധരൻ, മുന്നണി താല്പര്യം മുൻനിർത്തി ലീഗും കോൺഗ്രസും വിട്ടുവീഴ്ചകൾക്ക് തയ്യാറാകുമെന്നും പറഞ്ഞു.