കുപ്രചരണങ്ങൾ നടത്തി ജനങ്ങളിൽ നിന്നും അകറ്റി നിർത്താൻ ശ്രമിക്കേണ്ട; അനാവശ്യ വിമർശനങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു: കെ.മുരളീധരന്‍ എം.പി

Jaihind News Bureau
Thursday, July 23, 2020

 

കൊവിഡ് പോസിറ്റീവായ വ്യക്തിയുടെ വിവാഹത്തില്‍ താന്‍ പങ്കെടുത്തുവെന്ന വാര്‍ത്ത വ്യാജമെന്ന് കെ.മുരളീധരന്‍ എം.പി. കുപ്രചരണങ്ങൾ നടത്തി ജനങ്ങളിൽ നിന്നും അകറ്റി നിർത്താൻ ആരും ശ്രമിക്കേണ്ടെന്നും രാഷ്ട്രീയ പ്രേരിതമായ അനാവശ്യ വിമർശനങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നതായും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.  ജനപ്രതിനിധി എന്ന നിലയിൽ ദുരന്ത കാലത്ത് സ്വന്തം സുരക്ഷിതത്വം നോക്കി മാറിനിൽക്കാൻ കഴിയില്ലെന്നും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ശക്തമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കൊവിഡ് പോസിറ്റീവായ ഒരു വ്യക്തിയുടെ വിവാഹത്തിന് ഞാൻ പങ്കെടുത്തെന്ന പ്രചരണം പച്ചക്കള്ളമാണ്.
ജൂലൈ ഒമ്പതിനാണ് വിവാഹം നടന്നത്.എന്റെ നിയോജക മണ്ഡലത്തിലെ ചെക്യാട് നടന്ന വിവാഹത്തിന് ആശംസ അറിയിക്കാൻ ഞാൻ പോയത് വിവാഹത്തലേന്നാണ്. (ജൂലൈ എട്ടിന്). ഞാൻ വിവാഹ ദിവസം പങ്കെടുത്തു എന്ന പേരിലാണ് വ്യാപക പ്രചരണം നടക്കുന്നത്.

വിവാഹ ദിവസം അവിടെ പങ്കെടുത്ത ഒരു വ്യക്തിയുടെ സമ്പർക്കത്തിൽ നിന്നാണ് വരന് കോവിഡ് പോസിറ്റീവ് ആയത്.
കൂടുതൽ പേർക്ക് വരാതിരിക്കാൻ പ്രാർത്ഥിക്കുകയും മുൻകരുതലുകൾ എടുക്കുകയും ചെയ്യാം. ഇതിന്റെ പേരിൽ വ്യക്തിഹത്യ ചെയ്യുന്നവർ നീചമായ രാഷ്ട്രീയമാണ് കാണുന്നത്. ഒരു പക്ഷേ ഞാൻ ആ വിവാഹത്തിൽ പങ്കെടുത്തിരുന്നെങ്കിലും സർക്കാർ നിർദേശങ്ങൾ പാലിച്ച് ക്വാറന്റൈനിൽ പോയേനെ. പാർലമെന്റ് സമ്മേളനം കഴിഞ്ഞെത്തിയപ്പോൾ സർക്കാർ നിർദേശ പ്രകാരം14 ദിവസം ക്വാറന്റൈനിൽ പോവുകയും ചെയ്തിരുന്നു.

ഒരു ജനപ്രതിനിധി എന്ന നിലയിൽ ദുരന്ത കാലത്ത് സ്വന്തം സുരക്ഷിതത്വം നോക്കി മാറിനിൽക്കാൻ കഴിയില്ല.
അങ്ങനെ ചെയ്യുകയുമില്ല.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ശക്തമായി പ്രവർത്തിക്കും. കുപ്രചരണങ്ങൾ നടത്തി ജനങ്ങളിൽ നിന്നും അകറ്റി നിർത്താൻ ആരും ശ്രമിക്കേണ്ട. രാഷ്ട്രീയ പ്രേരിതമായ അനാവശ്യ വിമർശനങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു.

 

https://www.facebook.com/permalink.php?story_fbid=1162132987482760&id=225745341121534