
ബിഎല്‍ഒമാരുടെ മേല്‍ അധിക സമ്മര്‍ദം ചെലുത്തി ഏതു വിധേനയും എസ്ഐആര്‍ പൂര്‍ത്തിയാക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന്റെ രക്തസാക്ഷിയാണ് ആത്മഹത്യ ചെയ്ത അനീഷെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. അദ്ദേഹതിതന്റെ മരണത്തിന് ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷന് തന്നെയാണ്. ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനുള്ള ഗൂഡ പദ്ധതിയാണ് എസ്ഐആര്‍. ജനങ്ങളോട് ജാഗ്രതയോടെ ഇരിക്കുക എന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷന് അട്ടിമറിക്കുള്ള അവസരം നേരിട്ട് ഉണ്ടാക്കി കൊടുക്കുകയാണ്. ബിഹാറിലും അത് തന്നെയാണ് സംഭവിച്ചത്. നീതിപൂര്‍വമായ തിരഞ്ഞെടുപ്പ് നടത്താനുളള സ്വതന്ത്ര വോട്ടര്‍പ്പട്ടിക അട്ടിമറിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കേരളത്തിലും ശ്രമിക്കുകയാണ്. അതിന് കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും നിയമപരമായി പോരാടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പയ്യന്നൂര്‍ കാങ്കോല്‍-ആലപ്പടമ്പ് ഏറ്റുകുടക്ക ബൂത്ത് നമ്പര്‍ 18-ലെ ബി.എല്‍.ഒ അനീഷിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ബി.എല്‍.ഒ. ആയ അനീഷ്, എസ്.ഐ.ആര്. ഫോം വിതരണവുമായി ബന്ധപ്പെട്ട് പ്രാദേശിക സി.പി.എം. നേതാക്കളുടെ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. എസ്.ഐ.ആര്. ഫോം വിതരണം ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് പ്രതിനിധിയായ മറ്റൊരു ബി.എല്‍.ഒയെ കൂടെ കൊണ്ടുപോയതിനെതിരെ സി.പി.എം. പ്രവര്‍ത്തകര്‍ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്കുന്ന സൂചന. ഭീഷണിയെയും സമ്മര്‍ദ്ദത്തെയും തുടര്‍ന്നാണ് അനീഷ് കടുത്ത നടപടിയിലേക്ക് നീങ്ങിയതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.