‘വിശദീകരണ വീഡിയോയും തെളിച്ച് ഇതുവഴി വീണ്ടും വരില്ലേ ?’ ; എം.ബി രാജേഷിനെ പരിഹസിച്ച് ജ്യോതികുമാർ ചാമക്കാല

Jaihind News Bureau
Friday, February 5, 2021

 

തിരുവനന്തപുരം : എം.ബി രാജേഷിന്‍റെ ഭാര്യയുടെ വിവാദ നിയമനത്തില്‍ സിപിഎമ്മിനെയും രാജേഷിനെയും രൂക്ഷമായി വിമർശിച്ച് കെപിസിസി ജനറല്‍ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല. ഡിവൈഎഫ്ഐ പ്രവർത്തകർ ഉൾപ്പെടെയുള്ള തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് യുവജനങ്ങളെ  സമർത്ഥമായി  നേതാക്കൾ കബളിപ്പിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പത്താംതരം യോഗ്യതയുള്ള സ്വപ്ന സുരേഷുമാരും മന്ത്രിമാരായ ചിറ്റപ്പന്‍റെയും കൊച്ചാപ്പയുടെയും തണലിൽ നിയമനം നേടുന്നവരും വാർത്തയല്ലാതായ കേരളത്തിൽ പി.എസ്.സി റാങ്ക് ലിസ്റ്റിന്‍റെ കാലാവധി നീട്ടുമെന്ന് പറഞ്ഞ് സർക്കാർ ആരെയാണ് വീണ്ടും വീണ്ടും പറ്റിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു . ഉദ്യോഗാർത്ഥികളെ നിയമിക്കാൻ സ്ഥലം വേണ്ടേ ? എല്ലായിടത്തും താത്കാലികരെ സ്ഥിരപ്പെടുത്തിയതല്ലേ ? വിശദീകരണ വീഡിയോയും തെളിച്ച് ഇതുവഴി വീണ്ടും വരില്ലേയെന്നും അദ്ദേഹം പരിഹാസരൂപേണ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

യുവകേരളം പൊറുക്കില്ല ഈ വഞ്ചന…
” പി എസ് സി നിയമനങ്ങളുടെ പേരില്‍ വിവാദം സൃഷ്ടിക്കുന്ന പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും മറുപടിയുമായി എം ബി രാജേഷ്. സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിന്റെ പേരില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ ഉന്നയിക്കുന്ന ദുരാരോപണങ്ങളുടെ പൊള്ളത്തരം കഴിഞ്ഞ മൂന്ന് റാങ്ക്‌ലിസ്റ്റുകളുടെ അവസ്ഥ പരിശോധിച്ചാല്‍ വ്യക്തം.”
2020 ആഗസ്റ്റ് രണ്ടിന് ദേശാഭിമാനി ഓണ്‍ലൈനില്‍ “പി എസ് സി നിയമന വിവാദം: സത്യം പറയുന്ന രേഖകളും കണക്കുകളും ” എന്ന പേരില്‍ എം ബി രാജേഷിന്റെ വീഡിയോയ്ക്ക് നല്‍കിയ വിശദീകരണ കുറിപ്പിന്റെ തുടക്കമാണിത്.
ഇന്നു കണ്ട വാർത്ത:
കാലടി സര്‍വകലാശാലയിലെ മലയാളവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി എം ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമനത്തില്‍ ക്രമക്കേടുണ്ടെന്ന് തുറന്നടിച്ചത് കാലിക്കറ്റ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോ. ഉമര്‍ തറമേല്‍ തന്നെയാണ്. നിനിത നിയമിക്കപ്പെട്ട തസ്തികയിലേക്കുള്ള അഭിമുഖത്തില്‍ ഭാഷാവിദഗ്ധനെന്ന നിലയില്‍ വിദഗ്ധസമിതി അംഗമായി പങ്കെടുത്തയാളായിരുന്നു ഡോ. ഉമര്‍ തറമേല്‍. കോഴിക്കോട് സര്‍വ്വകലാശാലയിലെ മലയാള കേരളപഠനവകുപ്പില്‍ പ്രൊഫസറാണ് അദ്ദേഹം. റാങ്ക് ലിസ്റ്റ് തന്നെ ശീര്‍ഷാസനം ചെയ്ത് പോയ അനുഭവം ഇതാദ്യമായിട്ടാണെന്ന് ഒരു വിദഗ്ധ അധ്യാപകൻ പരിതപിക്കുന്നു.
എം ബി രാജേഷിനോട് ഒന്നും പറയാനില്ല.
പക്ഷെ, ഡിവൈഎഫ്ഐ പ്രവർത്തകർ ഉൾപ്പെടെ തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് യുവജനങ്ങളോടാണ് പറയാനുള്ളത്.
എത്ര സമർത്ഥമായ് നിങ്ങളെ നേതാക്കൾ കബളിപ്പിക്കുന്നു.
ഏറെ ഒച്ചപ്പാടിനെ തുടർന്ന് എ എൻ ഷംസീർ എംഎൽഎയുടെ ഭാര്യ ഷഹാന ഷംസീറിന് കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം നൽകുന്നത് തടഞ്ഞിട്ടും പാഠം പഠിക്കാൻ സർക്കാറോ സി പി എമ്മോ തയ്യാറായില്ല.
കെ കെ രാഗേഷ് എം പിയുടെ
ഭാര്യ പ്രിയ വർഗീസിനെ സ്റ്റുഡന്റസ് ഡീനായി കണ്ണൂർ സർവകലാശാലയിലും മുൻ എംപി പി രാജീവിന്റെ ഭാര്യ വാണി കേസരിയെ അസിസ്റ്റന്റ് പ്രൊഫസ്സറായി കൊച്ചിയിലും മുൻ എം പി പി കെ ബിജുവിന്റെ ഭാര്യ വിജി വിജയനെ അസിസ്റ്റന്റ് പ്രൊഫസ്സറായി കേരളയിലും നിയമിച്ചത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന് തുറന്നു പറയാൻ സാധിക്കുമോ ?
പത്താംതരം യോഗ്യതയുള്ള സ്വപ്ന സുരേഷുമാരും മന്ത്രിമാരായ ചിറ്റപ്പന്റെയും കൊച്ചാപ്പയുടെയും തണലിൽ നിയമനം നേടുന്നവരും വാർത്തയല്ലാതായ കേരളത്തിൽ പി എസ് സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുമെന്ന് പറഞ്ഞ് സർക്കാർ ആരെയാണ് വീണ്ടും വീണ്ടും പറ്റിക്കുന്നത്. ഉദ്യോഗാർത്ഥികളെ നിയമിക്കാൻ സ്ഥലം വേണ്ടേ ? എല്ലായിടത്തും താത്കാലികരെ സ്ഥിരപ്പെടുത്തിയതല്ലേ ?
വിശദീകരണ വീഡിയോയും തെളിച്ച് ഇതുവഴി വീണ്ടും വരില്ലേ ….?