കിടപ്പറ പങ്കിടാന്‍ ആവശ്യപ്പെടുന്നവരുണ്ട്; സിനിമയില്‍ സ്ത്രീകള്‍ വിവേചനം നേരിടുന്നു : ജസ്റ്റിസ് ഹേമ്മ കമ്മിഷന്‍

Jaihind News Bureau
Tuesday, December 31, 2019

“സിനിമയിൽ അവസരത്തിനായി കിടപ്പറ പങ്കിടണമെന്ന് ചിലർ നിർബന്ധിക്കുന്നു”: ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട്
അതേസമയം, മാന്യമായി പെരുമാറുന്ന പല പുരുഷൻമാരും സിനിമയിൽ ഉണ്ടെന്നും പല നടിമാരും കമ്മീഷനോട് വെളിപ്പെടുത്തി.

സിനിമാ മേഖലയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട്. സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മീഷനാണ് സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. ലഹരി ഉപയോഗത്തെക്കുറിച്ചും നടിമാർ നേരിടുന്ന.

പ്രശ്നങ്ങളെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഏകദേശം 300ഓളം പേജുകൾ വരുന്ന റിപ്പോർട്ടാണ് മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്. ശക്തമായ നിയമ നടപടി അനിവാര്യമാണെന്ന് പറയുന്ന റിപ്പോർട്ടിൽ, ഇതിലൂടെ മാത്രമേ സിനിമയിലെ അനീതികൾക്ക് പരിഹാരം സാധ്യമാവൂ എന്നും ഇതിനായി ശക്തമായ നിയമം കൊണ്ടുവരണമെന്നും ട്രൈബ്യൂണൽ രൂപീകരിക്കണമെന്നും ശുപാർശ ചെയ്യുന്നു.

കുറ്റവാളികളെ നിശ്ചിത കാലത്തേക്ക് സിനിമ മേഖലയിൽ നിന്ന് മാറ്റി നിർത്തണം ഇതിനുള്ള അധികാരവും ട്രൈബൂണലിന് നൽകണമെന്നും നിർദ്ദേശമുണ്ട്. സിനിമയിൽ അവസരത്തിനായി കിടപ്പറ പങ്കിടണമെന്ന് ചിലർ നിർബന്ധിക്കുന്നെന്നാണ് വെളിപ്പെടുത്തൽ. അതേസമയം, മാന്യമായി പെരുമാറുന്ന പല പുരുഷൻമാരും സിനിമയിൽ ഉണ്ടെന്നും പല നടിമാരും കമ്മീഷനോട് വെളിപ്പെടുത്തി. പ്രമുഖരായ പലരും ഇപ്പോഴും സിനിമയിൽ അപ്രഖ്യാപിത വിലക്ക് നേരിടുന്നുണ്ടെന്നും മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

സിനിമാ സെറ്റുകളിൽ മദ്യം മയക്കുമരുന്ന് ഉപയോഗമുണ്ടെന്നും കമ്മീഷൻ റിപ്പോർട്ടിൽ കണ്ടെത്തി. സിനിമാമേഖലയിലെ പരാതികൾ പരിഗണിക്കാൻ ട്രൈബ്യൂണൽ വേണമെന്നാണ് കമ്മിഷന്‍റെ നിർദ്ദേശം.