ഹിജാബ് കേസില്‍ വിധി നാളെ; കര്‍ണാടകയില്‍ 21 വരെ നിരോധനാജ്ഞ

Jaihind Webdesk
Monday, March 14, 2022

ബംഗളുരു: ഹിജാബ് വിവാദത്തില്‍  കര്‍ണാടക ഹൈക്കോടതി വിധി നാളെ. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതുരാജ് അവാസ്തിയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. നാളെ രാവിലെ 10.30ന് കോടതി കേസ് പരിഗണിക്കും.

ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട കേസില്‍ 11 ദിവസം തുടര്‍ച്ചയായ വാദം കേള്‍ക്കലിന് ശേഷം വിധി പറയാനായി മാറ്റുകയായിരുന്നു. ഹിജാബ് വിവാദം കര്‍ണാടകയില്‍ വലിയ പ്രതിഷേധങ്ങള്‍ക്കും അക്രമസംഭവങ്ങള്‍ക്കും വഴിവെച്ചിരുന്നു. ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ-യൂണിവേഴ്‌സിറ്റി മാനേജ്‌മെന്‍റ് ഹിജാബ് ധരിച്ചതിന് ആറ് മുസ്‌ലിം വിദ്യാര്‍ഥിനികളെ വിലക്കിയതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. സ്കൂള്‍ നടപടിക്കെതിരെ വിദ്യാര്‍ത്ഥിനികള്‍ കോടതിയെ സമീപിക്കുകയായിരുന്നു.

വ്യാപക സംഘര്‍ഷങ്ങളെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രങ്ങള്‍ വിലക്കി കര്‍ണാടക ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. നാളെ വിധി വരുന്ന പശ്ചാത്തലത്തില്‍ ബംഗളുരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതല്‍ മാര്‍ച്ച് 21 വരെയാണ് നിരോധനാജ്ഞ.