കെട്ടിടനികുതി അടയ്ക്കാന്‍ ആവശ്യപ്പെട്ടാല്‍ ഓഫീസില്‍ കയറി വെട്ടുമെന്ന സിപിഎം ഏരിയ സെക്രട്ടറിയുടെ ഭീഷണി ഒഴിവാക്കാന്‍ ജില്ലാ സെക്രട്ടറിയുടെകനിവു തേടി വില്ലേജ് ഓഫീസര്‍. സെക്രട്ടറി സര്‍ ഉറപ്പു തന്നാല്‍ ജോലി ചെയ്യാമെന്നാണ് വില്ലേജ് ഓഫീസറുടെ നിലവിളി. ഇതൊക്കെ ഈ കേരളത്തില്‍ റവന്യൂ മന്ത്രിയുടെ മൂക്കിനു താഴെ നടന്നിട്ടും അറിയാത്ത ഭാവത്തിലാണ് മന്ത്രി.
പത്തനം തിട്ട നാരങ്ങാനം വില്ലേജ് ഓഫിസര്‍ ജോസഫ് ജോര്‍ജാണ് സര്‍ക്കാര്‍ ഓഫീസില്‍ ജോലി ചെയ്യാന്‍ പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറിയുടെ സഹായം തേടിയത്. കത്തിയും വടിവാളും തന്റെ നേരേ വരില്ലെന്ന് ജില്ലാ സെക്രട്ടറി ഉറപ്പു നല്‍കിയാല്‍ നാരങ്ങാനത്തു തന്നെ ജോലി ചെയ്യാന്‍ തയ്യാറെന്ന് ജോസഫ് ജോര്‍ജ് പറയുന്നു. സിപിഎം ഗുണ്ടകളില്‍ നിന്ന് വില്ലേജ് ഓഫീസര്‍ക്കു പോലും രക്ഷയില്ലാത്ത അവസ്ഥ. അതിന് രക്ഷ നല്‍കാന്‍ പോലിസിനെ പോലും അയാള്‍ക്കു വിശ്വാസമില്ല എന്ന സ്ഥിതിയുമുണ്ട്. സര്‍ക്കാര്‍ സര്‍വ്വീസു തുടരാന്‍ സംര്ക്ഷണം തേടിയെത്തിയത് പാര്‍ട്ടി ഓഫീസില്‍ . ഗുണ്ടാരാജോ അതോ വെള്ളരിക്കാ പട്ടണമോ…
പോലിസില്‍ നിയമപരമായി മുന്നോട്ടു പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് വില്ലേജ് ഓഫീസറുടെ വിചിത്രവാദം. ക്രിമിനല്‍ നിയമത്തിലുള്‍പ്പെടുത്തി അന്വേഷണം നടത്തേണ്ട കുറ്റമായിട്ടും ഉത്തരവാദിത്തപ്പെട്ട ഒരു മുതിര്‍ന്ന പൗരനെന്ന നിലയില്‍ പോലും ജോസഫ് ജോര്‍ജ്ജ് പോലീസിനെ സമീപിക്കുന്നില്ല. വിവാദത്തിന് പിന്നാലെ ഫോണിലും ഭീഷണികള്‍ എത്തിയതോടെയാണ് വില്ലേജ് ഓഫിസര്‍ കളക്ടര്‍ക്ക് പരാതി നല്‍കിയത്. ഇതനുസരിച്ചാണ് പോലീസ് എത്തിയത്. പക്ഷേ പോലീസിനു പരാതി നല്‍കാന്‍ ഇദ്ദേഹം തയ്യാറായില്ല.
സിപിഎം സ്റ്റിക്കറുള്ള ഏതെങ്കിലും വാഹനം തന്നെ വെട്ടിക്കൊല്ലാനെത്തുമെന്ന് ഇദ്ദേഹം ഭയക്കുന്നുണ്ടാവാം. സെല്‍ഭരണത്തിന്റെ ഇരകളായി മാറിയിരിക്കുന്നു കേരളം എന്നതിന്ന ഇതില്‍പരം തെളിവുവേണോ. താനും പാര്‍ട്ടി പ്രവര്‍ത്തകന്‍ ആണെന്നും പാര്‍ട്ടിയെ തകര്‍ക്കാന്‍ അല്ല ശ്രമിച്ചതെന്നും വില്ലേജ് ഓഫിസര്‍ പതം പറയുന്നുണ്ട്. സിപിഐഎം ജില്ലാ സെക്രട്ടറിയെ നേരിട്ട് കണ്ട് സംസാരിക്കുമെന്നാണ് ജോസഫ് ജോര്‍ജ്ജ് പറയുന്നത്
ഏതായാലും സിപിഎം ഏരിയാ സെക്രട്ടറിയെ പേടിച്ച് ഇപ്പോഴും അവധിയിലാണ് വില്ലേജ് ഓഫീസര്‍. സ്ഥലംമാറ്റത്തിനും അതുവരെ അവധിക്കും അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ജോസഫ് ജോര്‍ജ്ജ് പറയുന്നു. കൂട്ടിച്ചേര്‍ത്തു.