തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന ജയം സ്വന്തമാക്കുമെന്ന് ജോസ് ടോം

Jaihind News Bureau
Monday, September 23, 2019

തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന ജയം സ്വന്തമാക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം. എല്ലാ പഞ്ചായത്തുകളിലും യുഡിഎഫിന് വലിയ മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ചെയ്തതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാണി സാറിന്‍റെ കല്ലറയില്‍ പ്രണാമം അര്‍പ്പിച്ച ശേഷമായിരുന്നു വോട്ട് രേഖപ്പെടുത്താന്‍ ജോസ് ടോം ബൂത്തിലേക്ക് എത്തിയത്.

രാവിലെ തന്നെ പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ് ദൃശ്യമായത്. ജോസ് ടോമിന്‍റെ ജന്മനാടായ മീനച്ചില്‍ പഞ്ചായത്തിലും ആവേശകരമായ പോളിംഗാണ് രേഖപ്പെടുത്തുന്നത്.

അതേസമയം, ബൂത്തുകളിലെ വെളിച്ചക്കുറവ് പ്രായമായവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പല വോട്ടര്‍മാരും പരാതി രേഖപ്പെടുത്തി. രാമപുരം പഞ്ചായത്തിലെ ഏഴാച്ചേരി 21 നമ്പര്‍ ബൂത്തിലും വോട്ടിംഗ് മെഷീനില്‍ വെളിച്ചമില്ലെന്ന് പരാതി. പ്രായമായവര്‍ സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും കാണാതെ തപ്പിത്തടയുകയാണെന്ന പരാതിയും ഉയരുന്നു.

124 ചാവറ സ്കൂള്‍ ബൂത്തില്‍ സഹായം ആവശ്യമുള്ളവര്‍ക്ക് പോളിംഗ് ഓഫീസര്‍ സഹായം നിഷേധിച്ചതായി പരാതി. ഓശാന അന്തേവാസികളായ 4 പേര്‍ വോട്ട് ചെയ്യാതെ മടങ്ങിയതായി വിവരം.