പിതാവിനെക്കാള്‍ വലുത് അധികാരം ; മാണി അഴിമതിക്കാരനെന്ന് പറഞ്ഞിട്ടില്ലെന്ന് ജോസ്.കെ.മാണി, സര്‍ക്കാരിനെ വെള്ളപൂശി പ്രതികരണം

കോട്ടയം :  കെ.എം.മാണി അഴിമതിക്കാരനായിരുന്നെന്ന പരാമർശത്തില്‍ സർക്കാരിനെ വെള്ളപൂശി ജോസ്.കെ.മാണി. മാണി അഴിമതിക്കാരനെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞിട്ടില്ലെന്ന്  ജോസ് കെ.മാണി പറഞ്ഞു. സര്‍ക്കാര്‍ നല്‍കിയ അപ്പീലിലോ സത്യവാങ്മൂലത്തിലോ മാണിയുടെ പേരിെല്ലന്നും ജോസ് വ്യക്തമാക്കി.

നിയമസഭാ കയ്യാങ്കളി കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു മാണി അഴിമതിക്കാരനായിരുന്നെന്ന സർക്കാർ വാദം. അഴിമതിക്കാരനെതിരെയാണ് എം.എല്‍.എമാര്‍ സഭയില്‍ പ്രതിഷേധിച്ചതെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം പരാമർശത്തില്‍ പാർട്ടി അണികളില്‍ നിന്ന് ചോദ്യം ഉയരുന്നുണ്ടെങ്കിലും സിപിഎം സെക്രട്ടറി വിജയരാഘവന്റെ വിശദീകരണത്തില്‍ തൃപ്തനാകാനാണ് ജോസിന്റെ തീരുമാനം. ചെയര്‍മാന്‍ പറ‍ഞ്ഞതില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നും കെ.എം.മാണി മരിച്ചപ്പോഴാണ് ഏറ്റവും അധികം വിഷമിച്ചതെന്നും മന്ത്രി റോഷി അഗസ്റ്റിനും പറഞ്ഞു. കെ.എം. മാണിയെക്കുറിച്ച് പൊതുസമൂഹത്തിന് ബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.എം മാണി അഴിമതിക്കാരനെന്നത് നാക്കുപിഴ മാത്രമാണെന്നായിരുന്നു വിജയരാഘവന്‍റെ പ്രതികരണം.

പരാമർശത്തില്‍ സർക്കാരിനെ ന്യായീകരിച്ചതില്‍ ജോസ്.കെ.മാണിക്കും മന്ത്രി റോഷി അഗസ്റ്റിനുമെതിരെ വലിയ വിമർശനമാണ് കേരള കോണ്‍ഗ്രസിനുള്ളില്‍ നിന്നും ഉയർന്നത്. കെ.എം മാണി ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ വേട്ടയാടി രാഷ്ട്രീയ വൈരാഗ്യം തീർത്ത എൽഡിഎഫ് മരണ ശേഷവും അദ്ദേഹത്തെ ക്രൂരമായി അധിക്ഷേപിക്കുന്നെന്ന് നേതാക്കള്‍ പറഞ്ഞു. നിയമസഭ കയ്യാങ്കളി കേസിൽ മാണിയെ അഴിമതിക്കാരനായി വീണ്ടും ചിത്രീകരിച്ച് ആക്ഷേപിക്കാൻ ശ്രമിക്കുന്ന എൽഡിഎഫിനൊപ്പം നിൽക്കുന്ന ജോസ് കെ മാണിക്കും റോഷി അഗസ്റ്റിനും സൽബുദ്ധി നല്‍കണമെന്ന് പ്രാർത്ഥിച്ച് കെ.എം മാണിയുടെ കബറിടത്തിൽ പാലായിലെ കേരളാ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും നടത്തി.

 

Comments (0)
Add Comment