‘കൊവിഡ് ടെസ്റ്റ് നടത്തണമെങ്കിൽ സിപിഎമ്മില്‍ ചേരണം’ ; പഞ്ചായത്ത് വൈസ് പ്രസിഡൻ്റിന്‍റെ ഭീഷണി ; സംഭവം ആരോഗ്യമന്ത്രിയുടെ മണ്ഡലത്തില്‍

Jaihind Webdesk
Monday, May 24, 2021

 

പത്തനംതിട്ട : കൊവിഡ് ടെസ്റ്റ് നടത്തണമെങ്കിൽ സിപിഎമ്മില്‍ ചേരണമെന്ന്  പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആവശ്യപ്പെട്ടതായി പരാതി. പത്തനംതിട്ട മല്ലപ്പുഴശേരി പഞ്ചായത്ത് വൈസ് പ്രസിഡന്‍റും  സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ പ്രദീപ് കുമാർ തങ്കപ്പന് എതിരെയാണ് നെല്ലിക്കാലാ ലക്ഷം വീട് കോളനി നിവാസിയുടെ പരാതി.

നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിച്ച കോഴഞ്ചേരി നെല്ലിക്കാലാ ലക്ഷം വീട് കോളനിയിലെ സുനിത്താണ് കൊവിഡ് ടെസ്റ്റ് നടത്തുന്നതിനും കോളനിയിൽ മറ്റ് സഹായങ്ങൾ എത്തിക്കുന്നതിനുമായി പഞ്ചായത്തംഗവും സിപിഎം നേതാവുമായ പ്രദീപിനെ സമീപിച്ചത്. എന്നാൽ ഞങ്ങളുടെ പാർട്ടിയിൽ ചേർന്നാലെ ഇതൊക്കെ നടക്കൂ എന്നായിരുന്നു സിപിഎം ഏരിയാ കമ്മിറ്റി അംഗം കൂടി ആയ പഞ്ചായത്തംഗം പ്രദീപ് സുനിത്തിന് നൽകിയ മറുപടി .

കോളനി നിവാസികളിൽ പലർക്കും ഇതിനോടകം രോഗം സ്ഥിരീകരിക്കുകയും  രോഗലക്ഷണങ്ങൾ കാണുകയും ചെയ്തതോടെയാണ് സുനിത് പഞ്ചായത്തംഗത്തിൻ്റെ സഹായം തേടിയത്.ആരോഗ്യ മന്ത്രി വീണാ ജോർജ്ജിൻ്റെ മണ്ഡലത്തിലാണ് കൊവിഡ് ടെസ്റ്റ് നടത്തണമെങ്കിൽ സിപിഎമ്മിൽ ചേരണമെന്ന് സിപിഎം ഏരിയാ കമ്മറ്റി അംഗത്തിൻ്റെ നിർദ്ദേശം എന്നതും ഗൗരവതരമാണ്.