തിരുവനന്തപുരം : രാഹുല്‍ ഗാന്ധിക്കെതിരെ സ്ത്രീവിരുദ്ധ അശ്ലീല പരാമര്‍ശം നടത്തിയ ഇടുക്കി മുന്‍ എംപി ജോയ്‌സ് ജോര്‍ജ് പരസ്യമായി മാപ്പുപറയണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.സ്ത്രീത്വത്തെയാണ് ജോയ്‌സ് ജോര്‍ജ് അപമാനിച്ചത്. സ്ത്രീവിരുദ്ധത ഇടതുനയമാണ്. ജോയ്‌സിന്‍റെ മനോവൈകൃതമാണ് ഇത്തരം ഒരു പരാമര്‍ശത്തിന് ആധാരം. സിപിഎമ്മിന് സ്ത്രീസുരക്ഷ വെറും വാക്കുകളില്‍ മാത്രമാണുള്ളതെന്നതിന്‍റെ ഒടുവിലത്തെ തെളിവാണിത്. എല്‍ഡിഎഫ് കണ്‍വീനറായ എ.വിജയരാഘവനും സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശം കഴിഞ്ഞ ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ രമ്യാഹരിദാസിനെതിരെ നടത്തിയിരുന്നു.
ജോയ്‌സ് നടത്തിയ അശ്ലീല പരാമര്‍ശത്തെ പിന്തുണയ്ക്കുന്ന എംഎം മണിയും സ്ത്രീത്വത്തെ തുടര്‍ച്ചായി അധിക്ഷേപിക്കുന്ന വ്യക്തിയാണ്. രാഹുല്‍ ഗാന്ധിയുടെ മഹത്വം തിരിച്ചറിയാനുള്ള വിവേകവും അറിവും ഇല്ലാതെ പോയത് കൊണ്ടാണ് ഇത്തരം ഒരു പരാമര്‍ശം ജോയ്‌സ് നടത്തിയത്. പൊതുപ്രവര്‍ത്തകര്‍ ഉയര്‍ത്തിപിടിക്കേണ്ട രാഷ്ട്രീയ അന്തസ്സും സഭ്യതയും ഇടതുപക്ഷ നേതാക്കള്‍ക്ക് നഷ്ടമായി.ജോയ്‌സ് ജോര്‍ജിന്റെ അശ്ലീല പരാമര്‍ശത്തിന് എതിരെ ശക്തമായി പ്രതികരിക്കാന്‍ ഇടതുപക്ഷ സഹയാത്രികരായ വനിതകള്‍ രംഗത്ത് വരണമെന്നും ജോയ്‌സ് ജോര്‍ജിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.