ജെഎൻയു അതിക്രമം : വൈസ് ചാൻസിലർ രാജിവെക്കും വരെ സമരം തുടരുമെന്ന് വിദ്യാർത്ഥികൾ; അക്രമികളെ 24 മണിക്കൂറിനകം അറസ്റ്റ് ചെയ്യണമെന്ന് പി. ചിദംബരം

Jaihind News Bureau
Monday, January 6, 2020

ജെ എൻ യു അതിക്രമങ്ങളിൽ പ്രതിഷേധിച്ച് വൈസ് ചാൻസിലർ രാജിവെക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ. വൈസ് ചാൻസിലറെ മാറ്റണമെന്നാവശ്യപ്പെട്ട് അധ്യാപകര്‍ രാഷ്ട്രപതിക്ക് കത്ത് നൽകി. സർവകലാശാല പ്രതിനിധികളും വിദ്യാർഥികളുമായി ചർച്ചകൾ നടത്താൻ ഡൽഹി ലഫ്റ്റനന്‍റ് ഗവർണറോട് ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. അതേസമയം, ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥികള്‍ ആശുപത്രി വിട്ടു.

ജെഎൻയുവിൽ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ രാജ്യത്ത് പ്രതിഷേധം തുടരുന്നു. പ്രതിഷേധങ്ങൾ ശക്തമായതിന് പിന്നാലെ ആഭ്യന്തര മന്ത്രാലയം വിഷയത്തിൽ ഇടപെട്ടു. സർവകലാശാല പ്രതിനിധികളും വിദ്യാർഥികളുമായി ചർച്ചകൾ നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹി ലഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജാനോട് ആവശ്യപ്പെട്ടു. അടിയന്തര അന്വേഷണം നടത്താനും റിപ്പോർട്ട് നൽകാനും കഴിഞ്ഞ ദിവസം ഡൽഹി പോലീസ് മേധാവിയോട് അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ ജ്യൂഡിഷ്യൽ അന്വേഷണം വേണമെന്നാണ് ഉയരുന്ന ആവശ്യം. ഇക്കാര്യത്തിൽ ഇനിയും തീരുമാനം ഉണ്ടായിട്ടില്ല. സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. എബിവിപിക്കാരായ അക്രമികളെപ്പറ്റി തെളിവുകൾ സഹിതം നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് വിദ്യാർത്ഥികൾ പ്രതികരിച്ചു. വി സി രാജി വെക്കണം എന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. ആക്രമണത്തിന് പൊലീസിന്‍റെ ഒത്താശയുണ്ടെന്നും വിദ്യാർഥികൾ ആരോപിച്ചു.

ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സക്കെത്തിയ 34 പേരെ ഡിസ്ചാർജ് ചെയ്തതായി എയിംസ് ആശുപത്രി അധികൃതർ വ്യക്തമാക്കി. അക്രമങ്ങളിൽ പ്രതിഷേധിച്ച് സബർമതി ഹോസ്റ്റൽ സീനിയർ വാർഡൻ രാജി വെച്ചു. ഇത്രയും അക്രമികളെ 24 മണിക്കൂറിനകം അറസ്റ്റ് ചെയ്യണമെന്ന് മുൻ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം ആവശ്യപ്പെട്ടു.