ഇനി ഇന്ത്യയില്‍ ജിയോ മാത്രമാകും; ടെലികോം കമ്പനികള്‍ തകരുന്നു; പതിനായിരം കോടി വരുമാനവുമായി നേട്ടം മുകേഷ് അംബാനിക്ക് മാത്രം

Jaihind Webdesk
Thursday, July 11, 2019

ഇന്ത്യയില്‍ മുകേഷ് അംബാനിയുടെ ജിയോ ഒഴികെയുള്ള ടെലികോം സര്‍വ്വീസ് കമ്പനികള്‍ കടുത്ത പ്രതിസന്ധിയിലാണെന്ന് ട്രായിയുടെ റിപ്പോര്‍ട്ട്. രാജ്യത്തെ ടെലികോം കമ്പനികള്‍ നേരിടുന്നത് എട്ട് ലക്ഷം കോടിയുടെ കടമാണ്. റിലയന്‍സ് ജിയോ മാത്രമാണ് നേട്ടമുണ്ടാക്കുന്നതുമെന്നാണ് ട്രായിയുടെ റിപ്പോര്ട്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ മിക്ക കമ്പനികളും വന്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടു. സര്‍ക്കാരിന്റെ ലൈസന്‍സ് ഫീസും സ്‌പെക്ട്രം ഉപയോഗ ചാര്‍ജും (എസ്യുസി) കുറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. ജിയോയുടെ വരുമാനം (എജിആര്‍) 3.6 ശതമാനം ഉയര്‍ന്ന് 9838.91 കോടിയായി. ഭാര്‍തി എയര്‍ടെലിന്റെ വരുമാനം 8.7 ശതമാനം ഇടിഞ്ഞ് 5920.22 കോടിയും വോഡഫോണ്‍ ഐഡിയയുടെ വരുമാനം 1.25 ശതമാനം ഇടിഞ്ഞ് 7133.40 കോടിയുമായി. ഏപ്രില്‍ അവസാനത്തിലെ റിപ്പോര്‍ട്ട് പ്രകാരം ജിയോയ്ക്ക് 31.5 കോടി വരിക്കാരുണ്ട്. വോഡഫോണ്‍ ഐഡിയക്ക് 39.3 കോടിയും ഭാരതി എയര്‍ടെലിന് 32.2 കോടി വരിക്കാരുമുണ്ട്.

മോദിയുടെയും ബി.ജെ.പി സര്‍ക്കാരിന്റെയും അനഗ്രഹാശ്ശിസോടെ 2016ലാണ് ജിയോ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഒന്നരവര്‍ഷം കൊണ്ട് ടെലികോം വിപണി മുഴുവനായും ജിയോ വിഴുങ്ങിയ അവസ്ഥയാണിപ്പോള്‍. വര്‍ഷങ്ങളായി വന്‍ ലാഭം സ്വന്തമാക്കിയിരുന്ന മുന്‍നിര ടെലികോം കമ്പനികളെല്ലാം വന്‍ നഷ്ടത്തിലായി ചിലത് പൂട്ടുകയും ചെയ്തു. ജിയോ മേധാവി മുകേഷ് അംബാനിയുടെ സഹോദരന്‍ അനില്‍ അംബാനിയുടെ ടെലികോം കമ്പനി ആര്‍കോം വരെ പൂട്ടേണ്ടി വന്നു.

ഇങ്ങനെപോയാല്‍ രാജ്യത്ത് ജിയോ മാത്രമാകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ചെറുതും വലുതുമായ നിരവധി ടെലികോം കമ്പനികള്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യയില്‍ ഇപ്പോള്‍ ജിയോയെ കൂടാതെ മൂന്നു കമ്പനികളിലേക്ക് ചുരുങ്ങിയിരിക്കുന്നു. ഐഡിയയും വോഡഫോണും ഒന്നിച്ചു. എയര്‍ടെലും ടാറ്റാ ഡോകോമോയും ഒന്നിച്ചു. മൂന്നാമത്തെ കമ്പനി ബിഎസ്എന്‍എല്‍ ആണ്. നേരത്തെ 11 കോര്‍ കമ്പനികള്‍ സിഒഎഐയുടെ ഭാഗമായിരുന്നു. ഇന്നതില്‍ നാലെണ്ണം മാത്രമാണ് ഇന്ന് നിലനില്‍ക്കുന്നത്. ഏഴു കമ്പനികള്‍ക്കും ബിസിനസ് അവസാനിപ്പിക്കേണ്ടി വന്നു.

വരിക്കാരുടെ എണ്ണത്തില്‍ അതിവേഗം കുതിക്കുന്ന ജിയോയുടെ ബ്രോഡ്ബാന്‍ഡ് സര്‍വീസ് വന്നു കഴിഞ്ഞാല്‍ മുന്‍നിര കമ്പനികള്‍ വന്‍ നഷ്ടത്തിലാകും. പുതിയ ടെക്‌നോളജിയിലേക്ക് മാറാനിരിക്കുന്ന ജിയോയെ ഉപഭോക്താക്കള്‍ സ്വീകരിക്കുമെന്നതില്‍ സംശയമില്ല. ഇത്രയും ഫ്രീ നല്‍കിയിട്ടും ജിയോ വരിക്കാരനില്‍ നിന്നും ലഭിക്കുന്ന ആളോഹരി വരുമാനത്തിനും കാര്യമായ കുറവ് വന്നിട്ടില്ല. അതായത് ജിയോ വരിക്കാര്‍ റീചാര്‍ജ് ചെയ്യുന്നുണ്ടെന്ന്. എന്നാല്‍ മറ്റു കമ്പനികളുടെ വരിക്കാരില്‍ നിന്നുള്ള വരുമാനം കുത്തനെ കുറഞ്ഞു.