കണ്ണൂർ: ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പാർട്ടി പ്രവർത്തകർ വെടിനിർത്തലിനൊരുങ്ങിയിട്ടും തില്ലങ്കേരി സഖാക്കൾ ഒളിയുദ്ധം തുടരുന്നു. ആകാശ് തില്ലങ്കേരി മൗനം പാലിക്കുകയാണെങ്കിലും സുഹൃത്തുക്കളായ ജിജോയും ജയപ്രകാശുമാണ് സോഷ്യൽ മീഡിയ പ്രചരണവുമായി രംഗത്തുവന്നത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ രാഗിന്ദിനെതിരെയാണ് ആകാശിന്‍റെ സുഹൃത്ത് ജിജോ രംഗത്തുവന്നത്. പാർട്ടിക്കുള്ളിലെ തർക്കം മാധ്യമങ്ങളുടെ മേൽപഴി ചാരുകയാണ് ആകാശ് തില്ലങ്കേരിയുടെ മറ്റൊരു സുഹൃത്ത് ജയപ്രകാശ്. പാർട്ടിക്കുള്ളിലെ വിവാദം റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളെ അധിക്ഷേപിച്ചാണ് ജയപ്രകാശ് തില്ലങ്കേരിയുടെ എഫ്ബി പോസ്റ്റ്.
സിപിഎം വട്ടപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി രാഗിന്ദിന് എതിരെയാണ് ആകാശ് തില്ലങ്കേരിയുടെ ആത്മസുഹൃത്ത് ജിജോയുടെ എഫ്ബി പോസ്റ്റ്. ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകക്കേസിൽ പ്രതി ചേർക്കപ്പെട്ട് ജയിൽവാസം അനുഭവിച്ച സഖാവിനെയും കുടുംബത്തെയും അടച്ച് ആക്ഷേപിക്കുന്ന തരത്തിലാണ് രാഗിന്ദ് ആദ്യം കമന്‍റിട്ടതെന്ന് ജിജോ പറയുന്നു. ഇതിനെ കുറിച്ച് ജിജോ പറയുന്നത്. ജിജോയുടെ പോസ്റ്റ് ഇങ്ങനെ: ‘ഇവനോട് അറയ്ക്കുന്ന ഭാഷയിൽ നമ്മളും മറുപടി കൊടുത്തിട്ടുണ്ട്. രക്തസാക്ഷി കുടുംബത്തെ ആക്ഷേപിച്ചുവെന്ന് പറയുന്നത് ഇവനെ വെള്ളപൂശി ഞങ്ങളെ കരിവാരി തേക്കാൻ മാത്രമാണ്. ന്യായത്തിന്‍റെ ഒപ്പം നിന്നില്ലെങ്കിലും ഇവനെ ഒക്കെ ഇനിയും താങ്ങാൻ വേണ്ടി ഞങ്ങളെ കരിവാരി തേക്കരുത്” – ജിജോ പറയുന്നു. എന്നാൽ മുൻ നിലപാടിൽ നിന്നും അൽപ്പം അയഞ്ഞ് പാർട്ടിക്കുള്ളിലെ തർക്കം മാധ്യമങ്ങളുടെ മേൽപഴി ചാരുകയാണ് ആകാശ് തില്ലങ്കേരിയുടെ മറ്റൊരു സുഹൃത്ത് ജയപ്രകാശ്.
“നിങ്ങള്‍ പുകച്ച് വിടുന്ന കള്ളങ്ങള്‍ക്ക് പിന്നില്‍ പോകാന്‍ തല്‍ക്കാലം താല്‍പര്യമില്ല…
നിങ്ങളുടെ ലക്ഷ്യം ഈ പ്രസ്ഥാനത്തെ തകര്‍ക്കലാണെന്ന് കൃത്യമായ ബോധ്യം ഞങ്ങള്‍ക്കുണ്ട്…
ഈ പ്രസ്ഥാനത്തെ ഒരിക്കലും എവിടെയും മോശമായി പറയാനോ ചിത്രീകരിക്കാനോ ഞങ്ങള്‍ നിന്നിട്ടില്ല” – ചില പ്രാദേശിക വിഷയങ്ങളില്‍ പാര്‍ട്ടിയെ വലിച്ചിടരുത് എന്ന് ജയപ്രകാശ് തില്ലങ്കേരി തന്‍റെ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.
ആകാശ് തില്ലങ്കേരിയുമായുള്ള ബന്ധത്തിന്‍റെ പേരിൽ ജയപ്രകാശിനെ നേരത്തേ സിപിഎം പാർട്ടി അംഗത്വത്തിൽനിന്നും ഒഴിവാക്കിയിരുന്നു. അംഗത്വം തിരിച്ചുകിട്ടാൻ ജയപ്രകാശ് പാർട്ടിക്ക് അപ്പീൽ നൽകിയിട്ടുണ്ട്. മികച്ച സംഘാടകനായ ജയപ്രകാശിനെ അകറ്റിനിർത്തുന്നതിൽ മേഖലയിലെ പാർട്ടിപ്രവർത്തകരിൽ ഒരു വിഭാഗത്തിന് അമർഷവും ഉണ്ടായിരുന്നു. ആകാശിനെ അനുകൂലിക്കുന്നവരാണ് തിരിച്ചെടുക്കാൻ സമ്മർദ്ദം ചെലുത്തുന്നത്. എന്നാൽ ഇപ്പോൾ നടക്കുന്ന വിവാദങ്ങളിൽ ജയപ്രകാശ് കൂടി ഉൾപ്പെട്ടതോടെ ഇയാളുടെ പാർട്ടിയിലേക്കുള്ള തിരിച്ചു വരവ് അസാധ്യമാക്കിയിരിക്കുകയാണ്.