ഇഷാന്‍ കിഷന്റെ റെക്കോര്‍ഡ് സെഞ്ച്വറി; ഹരിയാനയെ തകര്‍ത്ത് ജാര്‍ഖണ്ഡിന് കന്നി സയ്യിദ് മുഷ്താഖ് അലി ട്രോഫി

Jaihind News Bureau
Thursday, December 18, 2025

നായകന്‍ ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ സെഞ്ച്വറി മികവില്‍ ഹരിയാനയെ തകര്‍ത്ത് ജാര്‍ഖണ്ഡ് സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടത്തില്‍ മുത്തമിട്ടു. ആവേശകരമായ ഫൈനലില്‍ 69 റണ്‍സിനാണ് ജാര്‍ഖണ്ഡിന്റെ വിജയം. സയ്യിദ് മുഷ്താഖ് അലി ട്രോഫി ചരിത്രത്തില്‍ ജാര്‍ഖണ്ഡിന്റെ ആദ്യ കിരീടനേട്ടമാണിത്. 2010-11 സീസണിലെ വിജയ് ഹസാരെ ട്രോഫി വിജയത്തിന് ശേഷം ജാര്‍ഖണ്ഡ് ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാമത്തെ പ്രധാന കിരീടമെന്ന സവിശേഷതയും ഇതിനുണ്ട്.

ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് ഇഷാന്‍ കിഷന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തില്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 262 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. വെറും 49 പന്തില്‍ 10 സിക്‌സും 6 ഫോറും സഹിതം 101 റണ്‍സെടുത്ത ഇഷാന്‍ പുതിയ ചരിത്രമെഴുതി. സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനലില്‍ സെഞ്ച്വറി നേടുന്ന ആദ്യ നായകന്‍ എന്ന റെക്കോര്‍ഡും ഇഷാന്‍ ഇതോടെ സ്വന്തമാക്കി. മറ്റ് ബാറ്റിംഗ് നിരയും ഉറച്ച പിന്തുണ നല്‍കിയതോടെ ജാര്‍ഖണ്ഡ് റണ്‍ മല തീര്‍ക്കുകയായിരുന്നു. കുമാര്‍ കുശാഗ്ര 38 പന്തില്‍ 81 റണ്‍സെടുത്തും, അനുകുല്‍ റോയ് 20 പന്തില്‍ 40 റണ്‍സെടുത്തും തിളങ്ങി. അവസാന ഓവറുകളില്‍ 14 പന്തില്‍ 31 റണ്‍സുമായി റോബിന്‍ മിന്‍സും പുറത്താകാതെ നിന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഹരിയാനയ്ക്ക് ജാര്‍ഖണ്ഡ് ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോറിന്റെ സമ്മര്‍ദ്ദത്തില്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍ യഷ് വര്‍ധന്‍ ദലാല്‍ 22 പന്തില്‍ 53 റണ്‍സുമായി പൊരുതി നോക്കിയെങ്കിലും മറ്റ് മുന്‍നിര ബാറ്റര്‍മാരില്‍ നിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ല. സമന്ത് ജാക്കര്‍ (17 പന്തില്‍ 38), നിഷാന്ത് സിന്ധു (15 പന്തില്‍ 31) എന്നിവര്‍ അവസാന ഘട്ടത്തില്‍ ആഞ്ഞുപിടിച്ചെങ്കിലും 18.3 ഓവറില്‍ 193 റണ്‍സിന് ഹരിയാനയുടെ പോരാട്ടം അവസാനിച്ചു. ബൗളിംഗിലും ബാറ്റിംഗിലും ഒരുപോലെ ആധിപത്യം പുലര്‍ത്തിയ ജാര്‍ഖണ്ഡ് അര്‍ഹിച്ച കിരീടമാണ് നേടിയത്.

ബൗളിംഗില്‍ ജാര്‍ഖണ്ഡിനായി സുശാന്ത് മിശ്രയും ബാല്‍ കൃഷ്ണയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. വികാസ് സിംഗ്, അനുകുല്‍ റോയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി ഹരിയാനയുടെ നട്ടെല്ലൊടിച്ചു. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയ ഇഷാന്‍ കിഷന്റെ ക്യാപ്റ്റന്‍സിയും ബാറ്റിംഗ് മികവും ജാര്‍ഖണ്ഡിന്റെ ഈ ചരിത്ര നേട്ടത്തില്‍ നിര്‍ണ്ണായകമായി.