ജാർഖണ്ഡ് ജഡ്ജിയുടേത് കൊലപാതകമെന്ന് സിബിഐ കോടതിയില്‍

റാഞ്ചി : ധന്‍ബാദില്‍ ജഡ്ജിയെ ബോധപൂർവം വാഹനമിടിച്ച് കൊലപ്പെടുത്തിയതെന്ന് സിബിഐ  കോടതിയില്‍. അപകടം പുനരാവിഷ്കരിക്കുകയും സിസി ടിവി ദൃശ്യങ്ങള്‍,  ഫൊറന്‍സിക്, ത്രീ ഡി തുടങ്ങി വിവിധ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് നിഗമനത്തിലെത്തിയതെന്നാണ് വിവരം.  ജൂലൈയിലാണ് അഡീഷണല്‍ ജില്ലാ ജഡ്ജി ഉത്തം ആനന്ദ് കൊല്ലപ്പെട്ടത്. പ്രഭാത സവാരിക്കിടെ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.

ജൂലൈ 22ന് രാവിലെ പ്രഭാതസവാരിക്കിറങ്ങിയ ധന്‍ബാദ് ജില്ലാ അഡിഷനല്‍ ജഡ്ജി ഉത്തം ആനന്ദ് വീടിന് അര കിലോമീറ്റര്‍ അകലെവെച്ചാണ് കൊല്ലപ്പെട്ടത്. അജ്ഞാത വാഹനം ഇടിച്ച് ജഡ്ജി മരിച്ചെന്നായിരുന്നു പ്രാഥമിക നിഗമനം. റോഡിന് മധ്യത്തിലൂടെ ഓടുകയായിരുന്ന വാഹനം പെട്ടെന്ന് അരികിലേക്ക് വന്ന് ജഡ്ജിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടം നടന്ന ശേഷം വാഹനം നിര്‍ത്താതെ പോവുകയും ചെയ്തു. യാതൊരു തിരക്കുമില്ലാതിരുന്ന റോഡിന് അരികിലൂടെ നടക്കുകയായിരുന്ന ജഡ്ജിയെ മനഃപൂര്‍വം വാഹനം ഇടിപ്പിക്കുകയായിരുന്നുവെന്ന് സിസി ടിവി ദൃശ്യങ്ങളില്‍ നിന്നുതന്നെ വ്യക്തമായിരുന്നു.

ഗുരുതരമായി പരുക്കേറ്റ ജഡ്ജിയെ ഏതാനും സമയം കഴിഞ്ഞ് വഴിയാത്രക്കാരനാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തുമ്പോഴേക്കും അദ്ദേഹം ചോരവാര്‍ന്ന് മരിച്ചിരുന്നു. അപകടമുണ്ടാക്കിയ വാഹനം മോഷ്ടിക്കപ്പെട്ടതാണെന്നും സംഭവം നടക്കുന്നതിന്‍റെ മണിക്കൂറുകള്‍ക്ക് മുമ്പാണ് മോഷ്ടിച്ചതെന്നും പൊലീസ് പറഞ്ഞു.

Comments (0)
Add Comment