ജാർഖണ്ഡില്‍ കേവല ഭൂരിപക്ഷം കടന്ന് കോണ്‍ഗ്രസ് സഖ്യം ; ബി.ജെ.പിക്ക് കനത്ത തിരിച്ചടി

ജാർഖണ്ഡില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കി കോണ്‍ഗ്രസ് സഖ്യത്തിന്‍റെ മുന്നേറ്റം. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കേവലഭൂരിപക്ഷവും കടന്ന് കോൺഗ്രസ്–ജാർഖണ്ഡ് മുക്തിമോർച്ച–രാഷ്ട്രീയ ജനതാദൾ മഹാസഖ്യം സർക്കാർ രൂപീകരണത്തിനുള്ള ശ്രമങ്ങളിലേക്ക് കടന്നു.

വോട്ടെണ്ണലിന്‍റെ തുടക്കം മുതല്‍ തന്നെ കോണ്‍ഗ്രസ് സഖ്യം ലീഡ് ചെയ്യുന്നതാണ് കാണാന്‍ കഴിഞ്ഞത്. അധികാരത്തുടർച്ച ലക്ഷ്യമിട്ട ബി.ജെ.പിക്ക്കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം. ഇടയ്ക്ക് പോരാട്ടം ഇഞ്ചോടിഞ്ച് ആയ ഒരു ഘട്ടത്തില്‍  മറ്റ് കക്ഷികളെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ രൂപീകരണ ശ്രമവും ബി.ജെ.പി നടത്തിയിരുന്നു. എന്നാല്‍ പിന്നാലെ കോണ്‍ഗ്രസ് സഖ്യം കേവലഭൂരിപക്ഷം കടന്നു. നിലവില്‍ 42 സീറ്റുകളില്‍ കോണ്‍ഗ്രസ്-ജെ.എം.എം-ആർ.ജെ.ഡി സഖ്യം ലീഡ് ചെയ്യുന്നുണ്ട്. 28 സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. ജാർഖണ്ഡ് മുക്തി മോര്‍ച്ചയുടെ ഹേമന്ത് സോറന്‍ ദുംകയിലും ബി.ജെ.പി സ്ഥാനാർത്ഥിയും മുഖ്യമന്ത്രിയുമായ രഘുബർ ദാസ് ജംഷഡ്പൂർ ഈസ്റ്റിലും ലീഡ് ചെയ്യുന്നുണ്ട്.

81 സീറ്റുകളുള്ള ജാർഖണ്ഡ് നിയമസഭയിലേക്ക് അഞ്ച് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതിന് ശേഷമാണ് വോട്ടെടുപ്പിന്‍റെ മൂന്ന് ഘട്ടങ്ങള്‍ നടന്നത്. ഡിസംബര്‍ 20 നായിരുന്നു അവസാന ഘട്ട വോട്ടെടുപ്പ്. 41 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

Jharkhand Election
Comments (0)
Add Comment