KOTTAYAM| കോട്ടയം പാലാ രാമപുരത്ത് പെട്രോളൊഴിച്ച് കത്തിച്ച ജ്വവല്ലറി ഉടമ മരിച്ചു

Jaihind News Bureau
Sunday, July 20, 2025

കോട്ടയം പാലാ രാമപുരത്ത് പെട്രോളൊഴിച്ച് കത്തിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ജ്വവല്ലറി ഉടമ മരിച്ചു. രാമപുരം ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകനാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം. അശോകന് 80 ശതമാനം പൊള്ളലേറ്റിരുന്നു. ആദ്യം പാലായിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഇന്നലെ വൈകിട്ട് കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റിയിരുന്നു.

ഇന്നലെ രാവിലെ 10 മണിയോടെയാണ് രാമപുരം ഇളംതുരുത്തിയില്‍ തുളസിദാസ് ജ്വവല്ലറിയിലെത്തി പ്രതി ഹരി അശോകന് നേര്‍ക്ക് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറയുന്നു. തീയിട്ട ഉടന്‍ ഓടി രക്ഷപെട്ട പ്രതി, ഒരു മണിക്കൂറിനുശേഷം രാമപുരം പൊലീസില്‍ കീഴടങ്ങി. പൊള്ളലേറ്റ അശോകനുമായി കുറച്ചുകാലമായി സാമ്പത്തികമായ ഇടപാടുകളിലെ തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാമപുരം സ്റ്റേഷനില്‍ തന്നെ പരാതികളും കേസുകളും നിലവിലുണ്ട്.