ജെബി മേത്തര്‍ കോണ്‍ഗ്രസിന്‍റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി

ന്യൂഡൽഹി: ജെബി മേത്തറിനെ കോണ്‍ഗ്രസിന്‍റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. നിലവില്‍ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയാണ് ജെബി മേത്തര്‍.കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എം.പി മൂന്നുപേരുടെ പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചിരുന്നു. ഇതില്‍ നിന്നാണ് ജെബി മേത്തറിനെ കോണ്‍ഗ്രസിന്‍റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിര്‍ദേശിച്ചത്.

ജെബി മേത്തർ രാജ്യസഭിലേക്ക് എത്തുമ്പോൾ അത് യുവാക്കൾക്കും വനിതകൾക്കുമുള്ള പ്രാതിനിധ്യമാണ്. 1980 ൽ ലീല ദാമോദര മേനോന് ശേഷം ആദ്യമായാണ് സംസ്ഥാന കോൺഗ്രസിൽ നിന്ന് ഒരു വനിത രാജ്യസഭയിലേക്ക് എത്തുന്നത്. എ.കെ ആന്‍റണിയുടെ ഒഴിവിൽ രാജ്യസഭയിലേക്ക് പോകുന്ന ജെബി കേരളത്തിൽ നിന്നുള്ള 9 അംഗങ്ങളിൽ ഏക വനിതാ പ്രതിനിധിയാകും.

വനിതാ യുവ പ്രാതിനിധ്യം, യൂത്ത് കോൺഗസ് ദേശീയ ഭാരവാഹി എന്ന നിലയിലുള്ള ഡൽഹിയിലെ പ്രവർത്തന പരിചയം എന്നിവയാണ് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായ ജെബി മേത്തറിന് അനുകൂല ഘടകമായത്. മുൻ കെപിസിസി പ്രസിഡണ്ട് ടി ഒ ബാവയുടെ കൊച്ചു മകളും കോൺഗ്രസ് നേതാവായ കെഎംഐ മേത്തറുടെ മകളുമാണ് ജെബി മേത്തർ. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായിരുന്ന ജെബി ഡിസംബറിലാണ് മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായത്. ബി.എ, എൽഎൽബി ബിരുദധാരിയായ ജെബി 2016 മുതൽ നാലുവർഷം യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. 2020 മുതൽ കെപിസിസി അംഗമാണ്. നിലവിൽ ആലുവ നഗരസഭ ഉപാധ്യക്ഷയാണ്. 2010 മുതൽ ആലുവ നഗരസഭാ കൗൺസിലറാണ് ഇവർ. 42 വർഷത്തിന് ശേഷമാണ് കേരളത്തിലെ കോൺഗ്രസിൽ നിന്ന് ഒരു വനിത രാജ്യസഭയിലേക്ക് എത്തുന്നത്.

സ്ഥാനാർത്ഥിത്വം സ്ത്രീകൾക്കുള്ള അംഗീകാരമെന്നാണ് ജെബി മേത്തർ പ്രതികരിച്ചു. ഇന്ത്യയുടെ ഭരണഘടന സംരക്ഷിക്കുന്നതിനുള്ള നിയോഗമായാണ് സ്ഥാനാർത്ഥിത്വത്തെ കാണുന്നതെന്നും ജെബി പറഞ്ഞു. കോൺഗ്രസ് പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയമാണിതെന്നും ജെബി പറഞ്ഞു. കെപിസിസി സമർപ്പിച്ച അന്തിമ പട്ടികയിൽ നിന്നാണ് ജെബിയെ സ്ഥാനാർഥിയാക്കി ഹൈക്കമാന്റിന്റെ തീരുമാനം.

Comments (0)
Add Comment