ന്യൂഡൽഹി: ഇന്ധന-പാചകവാതക വിലവർധനയിൽ കോൺഗ്രസ് ഉയർത്തിയ പ്രതിഷേധത്തെത്തുടർന്ന് പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിച്ചു. വിലക്കയറ്റം ലോക്സഭ നിർത്തിവെച്ച് അടിയന്തരമായി ചർച്ചയ്ക്കെടുക്കണമെന്ന് കെ.സി വേണുഗോപാൽ, ടി.എൻ പ്രതാപൻ എന്നിവർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. അതേസമയം, ജെബി മേത്തർ ഉൾപ്പെടെയുള്ളവർ രാജ്യസഭാ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. നടപടികൾ പൂർത്തിയാക്കി രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു.
ഇരുസഭകളുടെയും നടപടിക്രമങ്ങൾ ആരംഭിച്ചപ്പോൾ തന്നെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തുവന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഇന്ധനവില കുത്തനെ വർധിപ്പിച്ച നടപടി വഞ്ചനാപരമെന്ന് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി പറഞ്ഞു. പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും സർചാർജും സെസും തുടർച്ചയായി വർധിപ്പിച്ച് വിലക്കയറ്റത്തിന്റെ നിലയില്ലാ കയങ്ങളിലേക്ക് തള്ളിവിട്ടുകൊണ്ട് കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. പാചകവാതക ഇന്ധന വിലവർധനയിൽ ചർച്ച ആവശ്യപ്പെട്ട് കെ.സി വേണുഗോപാൽ രാജ്യസഭയിൽ നോട്ടീസ് നൽകി. വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു. സാധാരണക്കാരായ ജനങ്ങളെ ദുരിതത്തിലാക്കുന്ന ഇന്ധന വിലവർധനവും മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളും ലോക്സഭ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടി.എൻ പ്രതാപനും അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി. വളം വില വർധനയും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസും സ്പീക്കർക്ക് ലഭിച്ചിരുന്നു.
മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്കിന്റെ ജപ്തി നടപടി ലോക്സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു. അച്ഛനും അമ്മയും ആശുപത്രിയിൽ കഴിയുന്നതിനിടെ പഠിച്ചുകൊണ്ടിരുന്ന പെൺകുഞ്ഞുങ്ങളെ ഉൾപ്പെടെയുള്ള ദളിത് കുടുംബത്തെ രാത്രിയിൽ മനുഷ്യത്വമില്ലാതെ ഇറക്കിവിട്ട മൂവാറ്റുപുഴ അർബൻ ബാങ്ക് അധികൃതരുടെ നടപടി അതിക്രൂരമാണെന്ന് കൊടിക്കുന്നിൽ സുരേഷ് നോട്ടീസിൽ ചൂണ്ടിക്കാട്ടി. ശ്രീലങ്കയിലെ ആഭ്യന്തര പ്രശ്നങ്ങൾ ലോക്സഭ നിർത്തിവെച്ച് അടിയന്തരമായി ചർച്ചയ്ക്കെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംപി മാണിക് ടാഗോർ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ശ്രീലങ്കയെ സഹായിക്കാൻ സർക്കാർ നയതന്ത്രതല നടപടികൾ സ്വീകരിക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടു.
കേരളത്തിൽ നിന്നുള്ള മൂന്ന് എംപിമാർ അടക്കം ആറുപേർ ഇന്ന് രാജ്യസഭയിൽ സത്യപ്രതിജ്ഞ ചെയ്തു. മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ, എ.എ റഹിം, അഡ്വ. സന്തോഷ് കുമാർ എന്നിവരാണ് കേരളത്തിൽ നിന്ന് സത്യപ്രതിജ്ഞ ചെയ്തത്.