ഭരണഘടനാവിരുദ്ധമെന്ന് ജയറാം രമേശ്, അവകാശലംഘനമെന്ന് തരൂര്‍ ; ഭാഷാവിലക്കിനെതിരെ നേതാക്കള്‍

Jaihind Webdesk
Sunday, June 6, 2021

ന്യൂഡല്‍ഹി : ജി.ബി പന്ത് ആശുപത്രിയിലെ മലയാളം വിലക്കിനെതിരെ എം.പിമാരായ ശശി തരൂരും ജയറാം രമേശും. നടപടി ഇന്ത്യന്‍ പൗരന്റെ അവകാശലംഘനമെന്ന് ശശി തരൂര്‍ എം.പി പറഞ്ഞു. ഭരണഘടനാവിരുദ്ധവും വിചിത്രവുമായ നിര്‍ദ്ദേശമെന്ന് ജയറാം രമേശും പറഞ്ഞു. ഭാഷാവിലക്കിനെതിരെ രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. മറ്റ് ഭാഷകളെപ്പോലെ തന്നെ മലയാളവും ഇന്ത്യയിലെ ഭാഷയാണെന്നും അതിന്‍റെ പേരിലെ വിവേചനം അവസാനിപ്പിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

നഴ്‌സുമാര്‍ക്ക് മലയാളം സംസാരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് നഴ്സിംഗ് സൂപ്രണ്ട് ഉത്തരവ് പുറത്തിറക്കിയത്. മലയാളം സംസാരിക്കുന്നത് രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് വാദം.

അതേസമയം ആശുപത്രി നടപടിക്കെതിരെ പ്രതിഷേധം ഉയരുകയാണ്. ആശുപത്രിയിലെ ഭൂരിഭാഗം നഴ്സുമാരും മലയാളികളാണ്. മലയാളികളല്ലാത്ത രോഗികളോട് ഹിന്ദിയിലോ ഇംഗ്ലീഷിലോ തന്നെയാണ് സംസാരിക്കുന്നതെന്ന് നഴ്സുമാർ പറയുന്നു. മലയാളികളായ സഹപ്രവർത്തകരോട് മാത്രമാണ് മലയാളത്തില്‍ സംസാരിക്കുന്നത്. വ്യക്തിപരമായതൊഴിച്ച് തൊഴിലിനെ ബാധിക്കുന്ന യാതൊരു സംഭാഷണവും ഉണ്ടാകുന്നില്ലെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.