
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ 136-ാം ജന്മവാര്‍ഷികം രാജ്യം ശിശുദിനമായി ആഘോഷിച്ചു. രാഷ്ട്രം ആധുനിക ഇന്ത്യയുടെ ശില്പിയായ നെഹ്റുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചപ്പോള്‍, അദ്ദേഹത്തിന്റെ പാരമ്പര്യത്തെച്ചൊല്ലി കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ രാഷ്ട്രീയ വാക്പോര് തുടരുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നെഹ്റുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ‘മുന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ജിയുടെ ജന്മവാര്ഷികത്തില് അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി,’ പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും നെഹ്റുവിന് ആദരവ് അര്‍പ്പിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മുന്‍ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഡല്‍ഹിയിലെ ശാന്തി വനത്തിലെ നെഹ്റു സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി. രാജ്യത്തെ രൂപപ്പെടുത്തുന്നതില്‍ നെഹ്റുവിന്റെ പങ്കിനെ ഖാര്‍ഗെ പ്രശംസിച്ചു. സ്വാതന്ത്ര്യം, ജനാധിപത്യം, മതേതരത്വം, ശാസ്ത്രീയ മനോഭാവം എന്നിവ ഉള്‍ക്കൊള്ളുന്ന ഇന്ത്യ എന്ന ആശയത്തെ പ്രകാശിപ്പിക്കുന്ന ‘കാലാതീതമായ വെളിച്ചം’ എന്നാണ് അദ്ദേഹം നെഹ്റുവിന്റെ പാരമ്പര്യത്തെ വിശേഷിപ്പിച്ചത്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, നെഹ്റു തന്റെ ‘വിശാലമായതും നിര്‍ഭയവുമായ നേതൃത്വത്തിലൂടെ’ ഇന്ത്യയുടെ ഭരണഘടനാപരവും ജനാധിപത്യപരവുമായ ധാര്‍മ്മികതയ്ക്ക് അടിത്തറയിട്ടെന്ന് പറഞ്ഞു. നെഹ്റുവിന്റെ ആദര്‍ശങ്ങള്‍ തലമുറകളെ പ്രചോദിപ്പിക്കുന്നുവെന്ന് അദ്ദേഹം ഹിന്ദിയില്‍ കുറിച്ചു.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി (കമ്മ്യൂണിക്കേഷന്‍സ്) ജയറാം രമേശ്, മോദി സര്‍ക്കാര്‍ നെഹ്റുവിനെ രാജ്യത്തിന്റെ ഇരുപതാം നൂറ്റാണ്ടിലെ ചരിത്രത്തില്‍ നിന്ന് മായ്ച്ചുകളയാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചു.
1947 മുതല്‍ 1964 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു, ജനാധിപത്യ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിലും രാജ്യത്ത് ശാസ്ത്രീയവും വിദ്യാഭ്യാസപരവുമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഈ നേട്ടങ്ങളേയും സംഭാവനകളേയും തുടര്‍ച്ചയായി ഇകഴ്ത്തുകയും ചരിത്രത്തെ തിരുത്തുകയുമാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത്. ഈ ശിശുദിനത്തിലും അദ്ദേഹത്തെ അപമാനിക്കുന്നതു തുടരുകയാണ്