കൊവിഡ്-19 : ഞായറാഴ്ച രാജ്യത്ത് ‘ജനതാ കര്‍ഫ്യു’ ; ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി

Jaihind News Bureau
Thursday, March 19, 2020

ന്യൂഡല്‍ഹി : കൊവിഡ്-19 ഭീഷണി മറികടക്കാന്‍ ജനങ്ങള്‍ സ്വയം നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് നിർദേശിച്ച് പ്രധാനമന്ത്രി. വരുന്ന ഞായറാഴ്ച ജനതാ കര്‍ഫ്യു ആയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.  മാർച്ച് 22ന് ഞായറാഴ്ച രാവിലെ ഏഴ് മണിക്കും രാത്രി 10 മണിക്കും ഇടയിൽ എല്ലാ പൗരൻമാർ സ്വയം ജനതാ കർഫ്യു പാലിക്കണം. ഈ സമയത്ത് എല്ലാവരും വീടുകള്‍ക്കുള്ളില്‍ തന്നെ തുടരണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.

രാജ്യത്ത് കൊറോണ ഭീഷണി തുടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊവിഡ് എന്നതിനാല്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഇതിനെ ഗൗരവമായി എടുക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കൊറോണ ഭീഷണിയില്‍ നിന്ന് മുക്തരാകാന്‍ എല്ലാവരുടെയും കുറച്ച് ദിവസങ്ങള്‍ രാജ്യത്തിന് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊറോണ ഭീഷണിയില്‍ നിന്ന് രക്ഷ നേടാന്‍ നിയന്ത്രണങ്ങളും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ആൾക്കൂട്ടങ്ങളിൽ നിന്ന് സ്വയം വിട്ടുനിൽക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണം. വരുന്ന കുറച്ച് ആഴ്ചകൾ എല്ലാവരും അവരവരുടെ വീടുകളിൽ തന്നെ തുടരാന്‍ ശ്രമിക്കണം. 65 വയസിന് മുകളിലുള്ളവർ നിർബന്ധമായും വീടുകളില്‍ തുടരണം. അത്യാവശ്യമല്ലാത്ത ആശുപത്രി സന്ദർശനങ്ങള്‍ ഒഴിവാക്കണം. സർക്കാർ ഉദ്യോഗസ്ഥർ, മാധ്യമങ്ങൾ എന്നിവരൊഴികെ എല്ലാവരും വീടുകളില്‍ തന്നെ കഴിയാന്‍ ശ്രമിക്കണമെന്നും സർക്കാർ നിർദേശങ്ങള്‍ കർശനമായി പാലിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.