ശിവശങ്കറും സ്വപ്നയും ചേർന്ന് ബഹിരാകാശ രേഖകള്‍ ചോർത്തിയെന്ന ജനയുഗം വാർത്ത ഗൗരവകരം ; ആത്മാർഥത ഉണ്ടെങ്കിൽ സി.പി.ഐ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കണം : ബെന്നി ബഹനാന്‍ എം.പി

Jaihind News Bureau
Sunday, August 23, 2020

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനും സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയും ചേർന്ന് ബഹിരാകാശ രേഖകൾ ചോർത്തിയെന്ന സി.പി.ഐ മുഖപത്രത്തിൽ വാർത്ത അതീവ ഗൗരവമെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി. ഭരണമുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐയുടെ മുഖപത്രത്തിലൂടെ രാജ്യസുരക്ഷയെ സംബന്ധിക്കുന്ന ആരോപണം പുറത്തുവന്ന സാഹചര്യത്തിൽ സർക്കാരിന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അവകാശമില്ല. റോ ഉൾപ്പെടെയുള്ള രഹസ്യാന്വേഷണ ഏജൻസികൾ ഇക്കാര്യങ്ങൾ കണ്ടെത്തി റിപ്പോർട്ട് ചെയ്‌തെന്ന സി.പി.ഐ മുഖപത്രത്തിലെ വാർത്തയുടെ പശ്ചാത്തലത്തിൽ പിണറായി സർക്കാർ ഉടൻ രാജിവെച്ചൊഴിയണമെന്നും യു.ഡി.എഫ് കൺവീനർ ആവശ്യപ്പെട്ടു.

ജനയുഗം വാർത്ത മുഖവിലയ്ക്കെടുക്കുന്നുവെങ്കിൽ യു.ഡി.എഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിനൊപ്പം നിൽക്കാൻ സി.പി.ഐ തയാറാകണം. രാഷ്ട്രീയ മൂല്യങ്ങൾ അൽപ്പമെങ്കിലും മുറുകെ പിടിക്കുന്നുണ്ടെങ്കിൽ അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനെങ്കിലും സി.പി.ഐ തയാറാകണമെന്ന് ബെന്നി ബഹനാൻ എം.പി ആവശ്യപ്പെട്ടു. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ ചോർത്തിയെന്ന് പാർട്ടി മുഖപത്രം തന്നെ ആരോപിച്ച സ്ഥിതിക്ക് മന്ത്രിസഭയിൽ നിന്ന് പിന്മാറാൻ സി.പി.ഐ തയാറാകണമെന്നും ബെന്നി ബഹനാൻ ആവശ്യപ്പെട്ടു.