ഇടത് സർക്കാരിന്‍റെ ജനസാന്ത്വനം പദ്ധതി ഫയലുകളിലൊതുങ്ങുന്നു

Jaihind Webdesk
Saturday, June 1, 2019

Janasanthwanam001

ഇടത് സർക്കാരിന്‍റെ ജനസാന്ത്വനം പദ്ധതി പരാജയമാകുന്നു. ഇടത് സർക്കാർ അധികാരത്തിലെത്തി 3 വർഷം പിന്നിടുമ്പോൾ നിർദ്ധനർക്കായി തുടങ്ങി വച്ച ജനസാന്ത്വനം പദ്ധതി ഫയലുകളിലൊതുങ്ങി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടപ്പിലാക്കിയ ജനസമ്പർക്ക പരിപാടിക്ക് ബദലാണ് ജനസാന്ത്വനം.

നിർധനർക്ക് ആശ്വാസമാകുമെന്ന് പറഞ്ഞു ആരംഭിച്ച ജനസാന്ത്വനം പദ്ധതി പൂർണ പരാജയമാകുന്നു. മൂന്നര ലക്ഷം അപേക്ഷകളാണ് വിവിധ കളക്ട്രേറ്റുകളിൽ കെട്ടിക്കിടക്കുന്നത് . 3 വർഷമായി ധനവകുപ്പിൽ യാതൊരു വിധ നടപടികളും കൂടാതെ ഈ ഫയലുകൾ ഉറങ്ങി കിടക്കുകയാണ്. ഈ പദ്ധതിയുടെ പേരിൽ 2016 ൽ പൊതുജനക്ഷേമ ഫണ്ട്‌ രൂപീകരിച് ആദ്യ ഉത്തരവിറക്കി. പിന്നാലെ 2017ൽ ധനവകുപ്പിൽ ഇ ഫയൽ രൂപം കൊണ്ടു.സാങ്കേതിക മികവിന്‍റെ മേന്മയ്ക്കിപ്പുറം ഒരു നേട്ടവും ഇതിനുണ്ടായില്ല.ജനസാന്ത്വനം ഫണ്ടിലേക്ക് ആകെ 10000 രൂപയാണ് ഒരു സന്നദ്ധ സംഘടനാ നൽകിയിട്ടുള്ളത് എന്നാണ് കഴിഞ്ഞ നിയമസഭ കാലയളവിൽ മുഖ്യമന്ത്രി നൽകിയ ഉത്തരം. മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച കണക്ക് പ്രകാരം 3, 48, 650 അപേക്ഷകൾ കളക്ട്രേറ്റുകളിൽ ലഭിച്ചിട്ടുണ്ട്. അതെ സമയം ഒരു അപേക്ഷ പോലും ഇത് വരെ പരിഗണിച്ചിട്ടില്ല. വിദ്യാഭ്യാസ ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും വൃദ്ധർക്കും മാറാരോഗികൾക്കും സാമ്പത്തിക പ്രശ്നങ്ങളാൽ വഴിമുട്ടിയവർക്കും ആശ്വാസമാകുകയും ചെയ്യുന്ന രീതിയിൽ ആവിഷ്കരിച്ച പദ്ധതി പരാജയമായിരുന്നു. ജനസാന്ധ്വനം പദ്ധതി ജനങ്ങൾക് ഉപകാരപ്രദമാകുന്ന രീതിയിൽ പുനഃക്രമീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പാഴ്‌വാക്ക് പറയാൻ തുടങ്ങിയിട്ട് 3 വർഷം പിന്നിടുന്നു. എന്നാൽ നടപ്പാക്കാത്ത പദ്ധതിയുടെ പേരിൽ ലക്ഷങ്ങൾ മുടക്കി പുതിയ സോഫ്റ്റ്‌വെയർ നിര്‍മാണത്തിലാണ് സർക്കാരും ധനകാര്യവകുപ്പും.

ഓരോ ഫയലുകളും ഓരോ ജീവിതമാണെന്ന് ഓർമപ്പെടുത്തി അധികാരത്തിലേറിയ മുഖ്യമന്ത്രി ഇതെല്ലാം മറന്നു പോയിരിക്കുന്നു. സാധാരണക്കാരായ ജനങ്ങൾക്ക് ലഭിക്കേണ്ട ധനസഹായം പോലും ഉറപ്പ് വരുത്താൻ കഴിയാത്ത ധനമന്ത്രി ഇടത് സർക്കാരിന് തന്നെ നാണക്കേടാണ്. ജനസാന്ത്വനം പദ്ധതി കടലാസിൽ ഒതുങ്ങാൻ തുടങ്ങിയിട്ട് മൂന്നു വർഷം പിന്നിടുമ്പോൾ ജന സാന്ത്വനത്തിന് പകരം ജനദ്രോഹ നടപടികളിലേക്ക് ആണ് സർക്കാർ നീങ്ങുന്നത്.