സജാദ് ലോണിനെ മുഖ്യമന്ത്രിയാക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി ജമ്മു-കശ്മീര്‍ ഗവര്‍ണര്‍

Jaihind Webdesk
Tuesday, November 27, 2018

ജമ്മു-കശ്മീർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി ഗവർണർ സത്യപാൽ മാലിക്. ജമ്മു-കശ്മീരിൽ വിഘടനവാദി നേതാവ് സജാദ് ലോണിനെ മുഖ്യമന്ത്രിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് സത്യപാൽ മാലിക്ക് വെളിപ്പെടുത്തി.കേന്ദ്ര നിർദേശം മറികടന്നാണ് നിയമസഭ പിരിച്ചുവിട്ടതെന്നും ഗവർണർ പറഞ്ഞു.

ഗുരുതരമായ ആരോപണമാണ് ജമ്മു-കശ്മീർ ഗവർണർ സത്യപാൽ മാലിക് കേന്ദ്ര സർക്കാരിനെതിരെ ഉന്നയിച്ചിരിക്കുന്നത്. ജമ്മു-കശ്മീരിൽ വിഘടനവാദി നേതാവ് സജാദ് ലോണിനെ മുഖ്യമന്ത്രിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നുവെന്നാണ് സത്യപാൽ മാലിക്ക് വെളിപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര നിർദേശം
അനുസരിച്ചിരുന്നെങ്കിൽ എക്കാലത്തും തന്‍റെ പേര് ചീത്തയാകുമായിരുന്നുവെന്നും നിയമസഭ പിരിച്ചുവിട്ടത് കേന്ദ്രനിര്‍ദേശം മറികടന്നാണെന്നും ഗവർണർ വ്യക്തമാക്കി.
കഴിഞ്ഞയാഴ്ചയാണ് ഗവര്‍ണർ സത്യപാൽ മാലിക്ക് ജമ്മു-കശ്മീർ നിയമസഭ പിരിച്ചുവിട്ടത്.

നാഷനൽ കോൺഫറൻസിന്‍റെയും കോൺഗ്രസിന്‍റെയും പിന്തുണയോടെ മന്ത്രിസഭ രൂപീകരിക്കാൻ പി.ഡി.പി അവകാശവാദമുന്നയിച്ചതിന് പിന്നാലെയായിരുന്നു നടപടി. വിരുദ്ധ പ്രത്യയശാസ്ത്രങ്ങളുള്ള പാർട്ടികളാണ് ഒന്നിച്ചുവന്നിരിക്കുന്നതെന്നും സമാനമനസ്കരല്ലാത്തതിനാൽ അവർക്കു ഭദ്രതയുള്ള സർക്കാർ രൂപീകരിക്കാനാവില്ലെന്നുമായിരുന്നു ഗവർണർ കാരണം പറഞ്ഞത്.

കുതിരക്കച്ചവടം നടക്കുമെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടിയെന്നും കുത്തഴിഞ്ഞ അവസ്ഥയിൽനിന്ന് സംസ്ഥാനത്തെ രക്ഷിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ഗവർണർ വിശദീകരിച്ചിരുന്നു. ഗവർണറുടെ നടപടിക്കെതിരെ പി.ഡി.പിയും നാഷനൽ കോൺഫറൻസും കോൺഗ്രസും രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനയുമായി ഗവർണർ രംഗത്ത് എത്തിയിരിക്കുന്നത്.