GOVINDACHAMY| ജയില്‍ ചാട്ടം: ഗോവിന്ദച്ചാമിയെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ്

Jaihind News Bureau
Saturday, August 9, 2025

കണ്ണൂര്‍സെന്‍ട്രല്‍ ജയിലില്‍ നിന്ന് മതില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ കണ്ണൂര്‍ ടൗണ്‍ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. കോടതി അനുമതിയോടെയാകും വിശദമായ ചോദ്യം ചെയ്യല്‍.

ജയില്‍ ചാടാനായി ആരൊക്കെ സഹായിച്ചു, ചാടുന്ന വിവരം ആരൊക്കെ അറിഞ്ഞു എന്നത് ഏറെ നിര്‍ണായകമാണ്. ജയില്‍ ചാടുന്നതിന് മുന്‍പ് ഫോണില്‍ സംസാരിച്ച സെല്‍വത്തെയും പൊലീസ് വീണ്ടും ചോദ്യം ചെയ്യും. ജയിലിലെ നാല് തടവുകാര്‍ക്ക് ജയില്‍ ചാട്ടത്തിനെ പറ്റി മുന്‍പേ അറിയാമായിരുന്നു. അതിനാല്‍ സഹ തടവുകാരായ തേനി സുരേഷ്, ശിഹാബ്, സാബു, വിശ്വനാഥന്‍ എന്നിവരെയും വീണ്ടും ചോദ്യം ചെയ്യും.

കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണറുടെ നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.