ദുബായ് : ലോകത്തിലെ വിവിധ രാജ്യങ്ങളിലെ പൊലീസ് ടീമുകളുടെ രാജ്യാന്തര മത്സരത്തിന്‍റെ മികച്ച റിപ്പോര്‍ട്ടിന് ജയ്ഹിന്ദ് ടി.വിക്ക് ദുബായ് പൊലീസിന്‍റെ ആദരവ് ലഭിച്ചു. ദുബായ് പൊലീസിലെ സുരക്ഷാ-സംരക്ഷണാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അബ്ദുല്ല അലി അബ്ദുല്ല അല്‍ ഗെയ്ത്തി പ്രശസ്തി പത്രം സമ്മാനിച്ചു.
ദുബായ് പൊലീസിന്‍റെ ജുമൈറയിലുള്ള പ്രോട്ടക്റ്റീവ് സെക്യൂരിറ്റി ആന്‍ഡ് എമര്‍ജന്‍സി ആസ്ഥാനത്ത് വെച്ചാണ് ആദരവ് നല്‍കിയത്. ലോകത്തിലെ 29 രാജ്യങ്ങളിലെ 48 പൊലീസ് ടീമുകളുടെ അഞ്ചു ദിവസത്തെ രാജ്യാന്തര മത്സരത്തിന്‍റെ മികച്ച റിപ്പോര്‍ട്ടുകള്‍ക്കാണ് ജയ്ഹിന്ദ് ടി.വിക്ക് പൊലീസിന്‍റെ പ്രശംസാപത്രം ലഭിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ സ്‌പെഷ്യല്‍ വെപ്പണ്‍സ് ആന്‍ഡ് ടാക്റ്റിക്‌സ് (സ്വാറ്റ്) എന്ന പേരില്‍ രാജ്യാന്തര മത്സരത്തിന് ദുബായ് നഗരം വേദിയാകുകയായിരുന്നു.
ഗള്‍ഫ് മേഖലയില്‍ ആദ്യമായി ഒരാള്‍ അവതരിപ്പിച്ച് തുടര്‍ച്ചയായി 11 വര്‍ഷങ്ങളും 555 എപ്പിസോഡുകളും പിന്നിട്ട ‘മിഡില്‍ ഈസ്റ്റ് ദിസ് വീക്ക്’ എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് പ്രത്യേക ഫീച്ചര്‍ റിപ്പോര്‍ട്ടായി ജയ്ഹിന്ദ് ടി.വി ഇത് സംപ്രേക്ഷണം ചെയ്തത്. ജയ്ഹിന്ദ് ടി.വിക്ക് വേണ്ടി മിഡില്‍ ഈസ്റ്റ് എഡിറ്റോറിയല്‍ ഹെഡ് എല്‍വിസ് ചുമ്മാര്‍ പ്രശംസാപത്രം സ്വീകരിച്ചു. ഒപ്പം പരിപാടിയുടെ ക്യാമറാമാന്‍ മുജീബ് അഞ്ഞൂറിനെയും ആദരിച്ചു.
ദുബായ് പൊലീസ് സുരക്ഷാ സംരക്ഷണാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അബ്ദുല്ല അലി അബ്ദുല്ല അല്‍ ഗെയ്ത്തി ഉപഹാരം സമ്മാനിച്ചു. ഇവന്‍റ്സ് മാനേജര്‍ ഹദീല്‍ യഹ്യയ അല്‍ ഹുബൈഷി സമൂഹ്യ പ്രവര്‍ത്തകന്‍ നന്തി നാസര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. മികച്ച സുരക്ഷയുള്ള സമൂഹത്തെ ഒരുക്കുന്നതിന് ദുബായിലെ ഇന്ത്യന്‍ വാര്‍ത്താ മാധ്യമങ്ങള്‍ നല്‍കുന്ന പങ്ക് വലുതാണെന്ന് മേജര്‍ ജനറല്‍ അബ്ദുല്ല ചടങ്ങില്‍ പറഞ്ഞു.
https://www.facebook.com/jaihindtvmiddleeast/videos/823011244725583/