ജയ്ഹിന്ദ് ടി.വിക്ക് ഇന്ന് പതിനാറാം പിറന്നാൾ; പ്രേക്ഷക പിന്തുണയോടെ മുന്നോട്ട്…

Jaihind Webdesk
Wednesday, August 17, 2022

ജയ്ഹിന്ദ് ടി.വിക്ക് ഇന്ന് പതിനാറാം പിറന്നാൾ. പിന്നിട്ട വഴികളിൽ പ്രേക്ഷകർ അർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കാൻ കഴിഞ്ഞു എന്ന ആത്മ വിശ്വാസത്തോടെയാണ് ഞങ്ങൾ മുന്നോട്ടുപോകുന്നത്.

മലയാളിയുടെ ദൃശ്യ മാധ്യമ ശീലങ്ങളിലേക്ക് ദേശീയ ബോധത്തിന്‍റെ നിലപാടു തറയിൽ ഉറച്ചു നിന്നാണ് ജയ്ഹിന്ദ് ടി.വി കടന്നു വന്നത്. മതേതര ജനാധിപത്യ മൂല്യങ്ങളുടെ കാതൽ കരുത്തിലാണ് ഞങ്ങളുടെ പ്രയാണം. ഓരോ കുടുംബത്തിനും രാജ്യത്തിനുമായി സമർപ്പിക്കപ്പെട്ടതാണ് ജയ്ഹിന്ദിന്‍റെ ആപ്തവാക്യം.

2007 ആഗസ്റ്റ് 17 ലെ ചിങ്ങപ്പുലരിയിൽ ഡൽഹിയിലെ സിരിഫോർട്ട് ഓഡിറ്റോറിയത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി യാണ് ജയ്ഹിന്ദ് ടിവിയുടെ പ്രവർത്തനങ്ങൾക്ക് തിരി തെളിയിച്ചത്. ഇന്ന് പിറന്നാൾ നിറവിൽ നിൽക്കുമ്പോൾ പ്രകാശമാനമായ ഇന്നലെകളാണ് കടന്നു പോയതെന്ന് അഭിമാന പൂർവം പറയാൻ കഴിയും. ലോകം കുലുങ്ങിയ വാർത്താ മുഹൂർത്തങ്ങൾ. രാജ്യം നെഞ്ചിടിപ്പോടെ കണ്ട ചരിത്രസാക്ഷ്യങ്ങൾ. കായിക രംഗത്തെ കണ്ണീരും കിനാവും കിരീട നേട്ടങ്ങളും. കേരളത്തിന്‍റെ കണ്ണും കാതും നാവുമായി ഞങ്ങളുടെ വാർത്താ സംഘം മാറി.

കുടുംബം ഒന്നിച്ച് ആസ്വദിക്കുന്ന വിനോദ പരിപാടികൾ ജയ്ഹിന്ദിന് പ്രേക്ഷക മനസിൽ ഇടം നേടി കൊടുത്തു. പുതു തലമുറയുടെ പ്രതീക്ഷകൾക്ക് തിളക്കം നൽകുന്ന നിരവധി പരിപാടികൾ ജയ്ഹിന്ദിലൂടെ സ്വീകരണ മുറിയിലേക്ക് എത്തുന്നു. സമകാലിക യഥാർത്ഥ്യങ്ങളുടെ ഉള്ളുലയ്ക്കുന്ന നേർചിത്രങ്ങൾ ഞങ്ങൾ വിട്ടു പോകുന്നില്ല. കേരളം വിറങ്ങലിച്ചു നിന്ന ദുരന്തമുഖങ്ങളിൽ സാമൂഹ്യ ഉത്തരവാദിത്വം മറക്കാതെ ഞങ്ങളുണ്ടായിരുന്നു. ഒപ്പം നാടിന്‍റെ അഭിമാന നിമിഷങ്ങളിലെ നിറകൺചിരികളിൽ കൂടെ കൂടി ആഘോഷിച്ചു.

ദൃശ്യ മാധ്യമ രംഗത്തെ കടുത്ത മത്സര കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോഴും നിലപാടുകളിൽ ജയ്ഹിന്ദ് വിട്ടുവീഴ്ച ചെയ്യുന്നില്ല. റേറ്റിംഗ് കണക്കുകളിലെ അക്കങ്ങൾ ഞങ്ങളെ ഭ്രമിപ്പിക്കാറുമില്ല. അധികാരത്തിന്‍റെ അകത്തളങ്ങളിൽ അഴിമതിയുടെ പായൽ പടരുമ്പോൾ ജയ് ഹിന്ദിന്‍റെ ചൂണ്ടുവിരൽ ഇനിയും ഉയരും. പാർശ്വവത്കരിക്കപ്പെട്ടവരുടെ നാവായി ശബ്ദം ഉച്ചത്തിൽ മുഴങ്ങും. പ്രേക്ഷക ലക്ഷങ്ങളുടെ പിന്തുണയോടെ…