ജഗന്‍ മോഹന്‍ റെഡ്ഡിക്ക് കുത്തേറ്റു; വിമാനത്താവള ജീവനക്കാരന്‍ കസ്റ്റഡിയില്‍

വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിക്ക് കുത്തേറ്റു. വിശാഖപട്ടണം വിമാനത്താവളത്തില്‍ വെച്ചായിരുന്നു ആക്രമണമുണ്ടായത്. വിമാനത്താവള ജീവനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.

സെല്‍ഫി എടുക്കാന്‍ അനുവാദം ചോദിച്ചായിരുന്നു ജീവനക്കാരന്‍ അടുത്തെത്തിയത്. സെല്‍ഫി എടുത്തതിന് ശേഷം കയ്യിലുണ്ടായിരുന്ന ചെറിയ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കോഴിപ്പോരില്‍ ഉപയോഗിക്കുന്ന തരം കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. അദ്ദേഹത്തിന്‍റെ കൈക്കാണ് പരിക്കേറ്റത്.

ഒരു നഖംവെട്ടി പോലും കൊണ്ടുപോകാനാകാത്ത വിമാനത്താവളത്തിനുള്ളില്‍ ആയുധവുമായി എത്തിയത് ഗുരുതര സുരക്ഷാവീഴ്ചയാണെന്നും ജഗന്‍ മോഹന്‍ റെഡ്ഡിക്ക് മതിയായ സുരക്ഷ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയില്ലെന്നും പാര്‍ട്ടി എം.എല്‍.എ. റോജ സെല്‍വമണി കുറ്റപ്പെടുത്തി.

ആക്രമണം ആസൂത്രിതമായിരുന്നു എന്ന് സംശയിക്കുന്നതായും പ്രതിപക്ഷ നേതാവിന് മതിയായ സുരക്ഷ നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും പാര്‍ട്ടി ഔദ്യോഗിക ട്വിറ്ററില്‍ കുറിച്ചു.

എയര്‍പോര്‍ട്ടിലെ ക്യാന്‍റീന്‍ ജീവനക്കാരനായ ശ്രീനിവാസ് എന്നയാളാണ് പിടിയിലായതെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഹൈദരാബാദിലേക്ക് പോകാനായി എയര്‍പോര്‍ട്ടില്‍ എത്തിയതായിരുന്നു റെഡ്ഡി.

വി.ഐ.പി ലോഞ്ചില്‍ വിശ്രമിക്കുകയായിരുന്ന റെഡ്ഡിക്ക് സമീപം കാപ്പിയുമായി എത്തിയ ശ്രീനിവാസ് അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നുവെന്ന് ജഗന്‍ മോഹന്‍ റെഡ്ഡിയോടൊപ്പം എയര്‍പോര്‍ട്ടില്‍ ഉണ്ടായിരുന്നു പാര്‍ട്ടി പ്രസിഡന്‍റ് മല്യവിജയ് പ്രസാദ് പറഞ്ഞു. മുന്‍കൂട്ടി തയാറാക്കിയ പദ്ധതി പ്രകാരമുള്ള ആക്രമണം ‘ജനാധിപത്യത്തിന് എതിരായ വധശ്രമം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

മൂര്‍ച്ചയേറിയ കത്തി റെഡ്ഡിയുടെ കഴുത്തിലേയ്ക്ക് കുത്തിയിറക്കാനായിരുന്നു ശ്രീനിവാസ് ശ്രമിച്ചതെങ്കിലും പെട്ടെന്ന് കൈകൊണ്ട് തടുത്തതിനാല്‍ കൈയില്‍ മുറിവേല്‍ക്കുകയാണുണ്ടായത്. ഉടന്‍തന്നെ പൊലീസ് എത്തി അക്രമിയെ കീഴ്പ്പെടുത്തി. വിമാനത്താവളത്തില്‍ പ്രാഥമിക ചികിത്സ തേടിയ ജഗന്‍ മോഹന്‍ റെഡ്ഡി ഹൈദരാബാദിലേക്ക് പോയി. തുടര്‍ചികിത്സ അവിടെയാകുമെന്നും അധികൃതര്‍ അറിയിച്ചു.

താന്‍ സുരക്ഷിതനാണെന്ന് ജഗന്‍ മോഹന്‍ റെഡ്ഡി പിന്നീട് ട്വിറ്ററില്‍ കുറിച്ചു. ദൈവകൃപയും ആന്ധ്രയിലെ ജനങ്ങളുടെ സ്നേഹവും തന്നെ സംരക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭീരുത്വം നിറഞ്ഞ ഇത്തരം പ്രവൃത്തികള്‍ തന്നെ പിന്തിരിപ്പിക്കില്ലെന്നും ജനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ ശക്തിയോടെ മുന്നേറാനുള്ള പ്രചോദനമാണ് കിട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Visakhapatnam airportYSR CongressJagan Mohan Reddy
Comments (0)
Add Comment