‘കൂട്ടിയാലേ കുറയൂ’ ഇന്ധനവില വർധനയില്‍ വിചിത്രവാദവുമായി ജേക്കബ് തോമസ് ; ബിജെപി ഇഫക്റ്റെന്ന് ട്രോള്‍

Jaihind News Bureau
Wednesday, February 10, 2021

 

തിരുവനന്തപുരം : ഇന്ധനവില വര്‍ധിപ്പിച്ചാല്‍ മാത്രമേ  ഉപയോഗം കുറയൂ എന്ന  വിചിത്രവാദവുമായി ജേക്കബ് തോമസ്. നികുതി കൂട്ടിയാല്‍ മാത്രമേ പാലം പണിയാനും സ്‌കൂളുകളില്‍ കമ്പ്യൂട്ടര്‍ വാങ്ങാനും കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. ഒരു ചാനല്‍ അഭിമുഖത്തിനിടെയായിരുന്നു ജേക്കബ് തോമസിന്‍റെ അഭിപ്രായപ്രകടനം. ബി.ജെ.പിയില്‍ ചേർന്നതിന്‍റെ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയെന്ന തരത്തില്‍ ട്രോളുകളും സജീവമായി.

”ഇന്ധനവില കൂട്ടിയാല്‍ മാത്രമേ  ഉപയോഗം കുറയൂ. ഇന്ധനവില വീണ്ടും വര്‍ധിച്ചാലും അത് നല്ലതാണ് എന്ന് ഞാന്‍ പറയും. അപ്പോള്‍ ആളുകള്‍ ഇലക്ട്രിക വാഹനങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങും. ടെസ്‌ല പോലുള്ള കമ്പനികള്‍ അതിന്‍റെ സാധ്യത തുറക്കുകയാണ്” – ജേക്കബ് തോമസ് പറഞ്ഞു.

ബി.ജെ.പിയില്‍ ചേർന്നതിന് പിന്നാലെയാണ് ജേക്കബ് തോമസിന്‍റെ പരാമർശം. മുമ്പ് കേന്ദ്ര മന്ത്രി വി മുരളീധരന്‍ പെട്രോള്‍ വില വർധനവില്‍ നടത്തിയ വിചിത്ര ന്യായീകരണവും വലിയ ട്രോളുകള്‍ക്ക് വഴിവെച്ചിരുന്നു. “പെട്രോളിന്‍റെ വില കുറഞ്ഞിരിക്കുകയാണ്‌, അതിന്‍റെ ഒരംശമാണ്‌ കൂട്ടിയത്‌. ഇതിൽ ലോജിക്‌ ഒന്നുമില്ല, അന്താരാഷ്‌ട്ര വിപണിയിൽ കുറയുമ്പോൾ അവിടെ കുറഞ്ഞതിന്‍റെ കുറച്ച്‌ ഇവിടെ കൂട്ടിയിട്ടുണ്ട്‌. കൂട്ടിയെങ്കിലും വില കുറയുകയാണ്‌ ചെയ്യുന്നത്‌. അത്രയും തന്നെ ഇവിടെ കൂട്ടിയിട്ടില്ല. മൂന്ന്‌ രൂപ കൂട്ടിയെങ്കിലും മൊത്തം വില കൂടുന്നില്ല. ഈ തുക ആരും വീട്ടിൽ കൊണ്ടുപോകുന്നില്ല’ – എന്നായിരുന്നു മുരളീധരന്‍റെ വാദം.