‘അത് മന്ത്രി മാത്രമല്ല തീരുമാനിക്കുന്നത്’; ഇലക്ട്രിക് ബസില്‍ ഗണേഷിനെ തള്ളി സിപിഎം

Jaihind Webdesk
Friday, January 19, 2024

 

തിരുവനന്തപുരം: ഇലക്ട്രിക് ബസില്‍ പുതിയ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ നയംമാറ്റത്തെ തള്ളി സിപിഎം. ഗണേഷിനെതിരെ തുറന്ന വിമർശനവുമായി സിപിഎമ്മിലെ വി.കെ. പ്രശാന്ത് എംഎൽഎ ഫേസ്ബുക്ക് പോസ്റ്റിട്ടതിനു പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഗണേഷ് കുമാറിന്‍റെ നിലപാടിനെ തള്ളിപ്പറഞ്ഞു. ഇതോടെ കെ.ബി. ഗണേഷ് കുമാറിന്‍റെ ആദ്യ നീക്കത്തിന് തന്നെ ഇലക്ട്രിക് ബസിൽ നിന്നും സിപിഎം ഷോക്കടിപ്പിച്ചിരിക്കുകയാണ്.

ഗതാഗത മന്ത്രിയായി ചുമതല ഏറ്റ ഉടൻതന്നെ കെ.ബി. ഗണേഷ് കുമാർ ഇലക്ട്രിക് ബസുകൾക്കെതിരെ നിലപാടെടുത്തത് കെഎസ്ആർടിസിയിൽ കല്ലുകടി സൃഷ്ടിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സിപിഎം എംഎൽഎ തന്നെ ഗതാഗത മന്ത്രിക്ക് ഷോക്ക് ട്രീറ്റ്‌മെന്‍റുമായി രംഗത്തുവന്നത്. തിരുവനന്തപുരത്തെ സോളാർ നഗരമാക്കാനും മലിനീകരണം കുറയ്ക്കാനും നയപരമായി തീരുമാനിച്ചാണ് ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കിയതെന്നാണ് എംഎൽഎയുടെ വാദം. നഗരവാസികൾ ഇതിനോടകം സ്വീകരിച്ച ബസുകളെ കൃത്യമായ മെയിന്‍റനൻസ് സംവിധാനംഏർപ്പെടുത്തി കെഎസ്ആർടിസി ലാഭകരമാക്ക
ണമെന്ന് ഫേസ് ബുക്ക്പോസ്റ്റിട്ടുകൊണ്ടാണ് ഗതാഗത മന്ത്രിക്കെതിരെ ഭരണകക്ഷി എംഎൽഎ രംഗത്ത് വന്നത്. ഇതിനുപിന്നാലെ മാധ്യമങ്ങളെ കണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഗണേഷ് കുമാറിന്‍റെ നിലപാടിനെ തള്ളി. ഇക്കാര്യത്തിലുള്ള ഇടതു മുന്നണി നയം മാറ്റില്ലെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

തുടക്കത്തിൽ തന്നെ ഗതാഗത മന്ത്രിയെ ഇലക്ട്രിക് ബസിൽ നിന്ന് ഷോക്കടിപ്പിച്ചുകൊണ്ടാണ് സിപിഎം മൂക്കുകയറിട്ടിരിക്കുന്നത്.
ഇലക്ട്രിക് ബസുകൾ നഷ്ടത്തിലാണെന്നും ഇനി വാങ്ങില്ലെന്നുമുള്ള മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ പ്രഖ്യാപനം
വകുപ്പിന്‍റെ ബസ് വാങ്ങൽ പദ്ധതികളെയെല്ലാം പ്രതിസന്ധിയിലാക്കിയിരുന്നു. 814 കോടി രൂപയാണ് ബസ് വാങ്ങുന്നതിന് കിഫ്ബി വായ്പ അനുവദിച്ചിട്ടുള്ളത്. ഈ പണം ഉപയോഗിച്ച് 500 ഇലക്ട്രിക് ബസുകൾ വാങ്ങുമെന്നാണ് മുൻ ഗതാഗത മന്ത്രി പ്രഖ്യാപിച്ചിരുന്നത്. ബസുകൾ വാങ്ങുന്നതിനുള്ള ചർച്ചകൾ തുടരുന്നതിനിടയിലാണ് പുതിയ ഗതാഗത മന്ത്രിയുടെ നയം മാറ്റം ഉണ്ടായത്. ഇതിനു പുറമെ പത്ത് നഗരങ്ങൾക്ക് 950 ഇലക്ട്രിക് ബസുകൾ ലഭിക്കുന്ന പ്രധാനമന്ത്രി ഇ-സേവ ബസ് പദ്ധതിയും പുതിയ നിലപാട് മൂലം അനിശ്ചിതത്വത്തിലാകും. നയംമാറ്റം ഇതിന്‍റെ ചർച്ചകളും അവതാളത്തിലാക്കും.

തലസ്ഥാന നഗരത്തിൽ ഓടുന്ന 113 ഇലക്ട്രിക് ബസുകൾ സ്മാർട് സിറ്റി പദ്ധതി വഴി ലഭിച്ചതാണ്. 10 രൂപ ടിക്കറ്റ് നിരക്ക് കൊണ്ടുവന്നതോടെ ഈ ബസുകളെ ജനങ്ങൾ ഏറെ സ്വീകരിച്ചിരുന്നു. എന്നാൽ ഇലക്ട്രിക് ബസുകൾക്കെതിരെയുള്ള ഗതാഗത മന്ത്രിയുടെ നിലപാട് ജനരോഷവും ഉയർത്തുകയാണ്.