കശ്മീരിലെ സ്ഥിതി സാധാരണനിലയിലല്ലെന്ന് വ്യക്തമായതായി രാഹുല്‍ ഗാന്ധി; അവസ്ഥ കല്ലിനെപ്പോലും കരയിപ്പിക്കുന്നതെന്ന് ഗുലാംനബി ആസാദ്

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണനിലയിലല്ലെന്ന് ബോധ്യപ്പെട്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ താനടക്കമുള്ള പ്രതിപക്ഷ നേതാക്കളെ തടഞ്ഞതിനെപ്പറ്റി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാനുള്ള ഗവര്‍ണറുടെ ക്ഷണം ലഭിച്ചിരുന്നു. ഞാനത് സ്വീകരിക്കുകയും ചെയ്തു. ജനങ്ങള്‍ ഏതവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഞങ്ങള്‍ക്ക് അറിയണമായിരുന്നു. പക്ഷേ ഞങ്ങളെ വിമാനത്താവണത്തിന് പുറത്തുപോകാന്‍ സമ്മതിച്ചില്ല. ഞങ്ങളോടൊപ്പമുള്ള മാധ്യമപ്രവര്‍ത്തകരെ മോശമായ രീതിയില്‍ കൈകാര്യം ചെയ്യുകയും മര്‍ദിക്കുയും ചെയ്തു. ജമ്മു കശ്മീരിലെ അവസ്ഥ സാധാരണഗതിയില്ലെന്ന് ബോധ്യപ്പെട്ടു’- അദ്ദേഹം പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

എയര്‍പ്പോര്‍ട്ടില്‍ തടയപ്പെടുകയായിരുന്നുവെന്നും നഗരത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്നും സംഘത്തോടൊപ്പമുണ്ടായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി. ജമ്മു കശ്മീരിലെ അവസ്ഥ ദാരുണമാണെന്നും കല്ലുകളെപ്പോലും കരയിക്കുന്ന ക്രൂരതകള്‍ അരങ്ങേറുന്നതായും യാത്രക്കാരില്‍ നിന്ന് മനസ്സിലാക്കിയെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി.
ശ്രീനഗര്‍ വിമാനത്താവളത്തിലാണ് പ്രതിപക്ഷ നേതാക്കളെ തടഞ്ഞത്. രാഹുലിന്റെ നേതൃത്വത്തില്‍ പത്ത് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളാണ് ശ്രീനഗറിലെത്തിയത്. കശ്മീരിലെ സ്ഥിതിഗതികള്‍ നേരിട്ടുവന്നു മനസിലാക്കാന്‍ നേരത്തെ ഗവര്‍ണര്‍ സത്യപാല്‍ മാലിക് രാഹുലിനെ ക്ഷണിച്ചിരുന്നു. കശ്മീരില്‍ പൗരസ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നു എന്ന അഭിപ്രായത്തിനു പ്രതികരണമായി ആയിരുന്നു ഗവര്‍ണറുടെ ക്ഷണം. ഇതു സ്വീകരിച്ച രാഹുല്‍ കശ്മീരില്‍ എത്തുമെന്നു ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ഗവര്‍ണര്‍ ക്ഷണം പിന്നീടു പിന്‍വലിച്ചെങ്കിലും രാഹുലിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കശ്മീരിലേക്കു പോവാന്‍ തീരുമാനിക്കുകയായിരുന്നു.

രാഹുലിനെക്കൂടാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, ശരദ് യാദവ്, മനോജ് ഝാ, മജീദ് മേമന്‍ തുടങ്ങിയവരാണ് സംഘത്തില്‍ ഉള്ളത്. ശ്രീനഗറില്‍ എത്തിയ ഇവര്‍ക്കു മാധ്യമങ്ങളെ കാണാനും അനുമതി നല്‍യില്ല. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം ആദ്യമായാണ് രാഹുല്‍ കശ്മീരില്‍ എത്തുന്നത്.

Comments (0)
Add Comment