പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കണം; ആർഎസ്പി നേതാക്കള്‍ ഗവർണർക്ക് നിവേദനം നൽകി

തിരുവനന്തപുരം:  കൊവിഡ് പശ്ചാത്തലത്തിൽ വിദേശ നാടുകളില്‍ കഴിയുന്ന പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ആർഎസ്പി സംസ്ഥാന നേതൃത്വം ഗവർണർക്ക് നിവേദനം നൽകി. കേന്ദ്ര സർക്കാർ ഉടൻ തീരുമാനം എടുക്കണമെന്നും സ്പെഷ്യൽ ചാർട്ടേർഡ് വിമാനത്തിൽ പ്രവാസികളെ തിരികെ നാട്ടിൽ എത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും എൻ. കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു.
കൊവിഡ് കാലത്ത് പ്രവാസികളെ തിരികെ എത്തിക്കാൻ അമാന്തമുണ്ടായാൽ രാജ്യം വലിയ വില നൽകേണ്ടി വരുമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. പ്രവാസികൾക്കായി സ്പെഷ്യൽ ചാർട്ടേർഡ് ഫ്ലൈറ്റ് ഒരുക്കണം . പ്രവാസികളെ സ്വീകരിക്കാൻ സജ്ജമായുള്ള സംസ്ഥാനങ്ങളിലെങ്കിലും പ്രവാസികളെ തിരികെ എത്തിക്കാൻ കേന്ദ്രം  അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
ഇതര സംസ്ഥാനത്തുള്ള മലയാളികളെ ക്രമീകരണങ്ങൾ പാലിച്ച് കേരളത്തിലെത്തിക്കാൻ സംസ്ഥാന സർക്കാർ മുൻ കൈയ്യെടുക്കണം. പോസിറ്റീവ് കേസുകളറിയാൻ മുഖ്യമന്ത്രി പറയുന്നത് വരെ കാത്തിരിക്കണമെന്നത് മെഡിക്കൽ എത്തിക്ക്സിന്  നിരക്കാത്തതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങൾ സോഷ്യൽ മീഡിയ പബ്ലിസിറ്റിക്ക് മാത്രമാണെന്ന് മുൻ മന്ത്രി ഷിബു ബേബി ജോണും പറഞ്ഞു. റാപ്പിഡ് ടെസ്റ്റും പ്ലാസ്മ ട്രീറ്റ്മെന്‍റും ആരംഭിച്ചിട്ടില്ല. എല്ലാ സുഭദ്രമാണെന്ന് വാർത്ത സമ്മേളനത്തിൽ പറയുമ്പോഴും ആശങ്ക നിലനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Add Comment